ഇരിട്ടി
സ്ഥലം കൈമാറില്ല: ആസ്ഥാനമില്ലാതെ ഇരിട്ടി അഗ്നിരക്ഷ സേന രക്ഷകരെ തേടുന്നു
ഇരിട്ടി:വാടകക്കെട്ടിടത്തിൽ അസൗകര്യങ്ങളാൽ വീർപ്പുമുട്ടിക്കഴിയുന്ന ഇരിട്ടി അഗ്നിരക്ഷ നിലയത്തിന് സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ പൊതുമരാമത്ത് അധീനതയിലുള്ള ഭൂമി കൈമാറണമെന്ന അപേക്ഷ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫിസ് തള്ളി.ഇതോടെ നാടിൻ്റെ രക്ഷയ്ക്കെത്തുന്ന അഗ്നി രക്ഷാ സേന സ്വന്തം നിലയിൽ ആസ്ഥാന മന്ദിരത്തിനായി രക്ഷകരെ തേടുകയാണ്.
സ്വന്തം നിലയിൽ കെട്ടിടം വേണമെന്ന സേനയുടെ മുറവിളിക്ക് പന്ത്രണ്ടുവർഷമായുളപ്രതീക്ഷയാണ് പൊതുമരാമത്തിൻ്റെ തീരുമാനത്തിലൂടെ പൊലിയുന്നത്. തികയുന്നു. പയഞ്ചേരി വികാസ് നഗർ റോഡിൽ പഴയ ക്വാറിയോട് ചേർന്ന പൊതുമരാമത്ത് വകുപ്പിൻെറ അധീനതയിലുള്ള 1.40 ഏക്കർ ഭൂമിയിൽ 40 സെൻ്റ് ഭൂമി ഇരിട്ടി അഗ്നിരക്ഷ നിലയത്തിന് കെട്ടിട നിർമ്മാണത്തിനായി പതിച്ചുനൽകണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവർ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥർക്കും ഒരു വർഷം മുൻപ് അപേക്ഷ നൽകിയിരുന്നു.ഇതിൻ്റെ ഭാഗമായി താലൂക്ക് സർവേയുടെയും പൊതുമരാമത്ത് വകുപ്പധികൃതരുടെയും നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തി അതിർത്തികൾ നിർണ്ണിയിക്കുകയും മന്ത്രിയ്ക്കുൾപ്പെടെറിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ഒരു വർഷമായി അനുകൂലനടപടികളൊന്നുമുണ്ടായില്ല ഇതു സംബന്ധിച്ച് അഗ്നി രക്ഷാവിഭാഗം ഉദ്യോഗസ്ഥർ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടപ്പോഴാണ് അപേക്ഷ തിരസ്ക്കരിച്ചതായി അറിയുന്നത് .പൊതുമരാമത്തു വകുപ്പിൻ്റെ അധീനതയിലുള്ള ഭൂമി മറ്റ് വകുപ്പുകൾക്ക് കൈമാറേണ്ടതില്ലെന്ന നിലപാടാണ് തങ്ങൾക്കുള്ളതെന്നും ഇതിനാൽ ഇരിട്ടി അഗ്നി രക്ഷാ നിലയത്തിന് കെട്ടിടം നിർമ്മിക്കാൻ പൊതുമരാമത്തിൻ്റെ ഭൂമി വിട്ടു നൽകാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അഗ്നി രക്ഷാ സേനയുടെ അപേക്ഷ പൊതു മരാമത്ത് വകുപ്പ് നിരസിച്ചത് .
ഇരിട്ടി എടക്കാനം റോഡിൽ നേരം പോക്കിലെപഴയ ആശുപത്രി കെട്ടിടം പുതുക്കിപ്പണിതാണ് അഗ്നി രക്ഷ നിലയത്തിനുള്ള ഓഫിസായി പ്രവർത്തിക്കുന്നത്. ഇടുങ്ങിയ മുറികളും കനത്ത മഴ പെയ്താൽ ചുമർ പൊക്കത്തിൽ വെള്ളം കയറുകയും ചെയ്യുന്ന കെട്ടിടത്തിലാണ് 2010 ഡിസംബർ മുതൽ ഓഫിസ് പ്രവർത്തിക്കുന്നത്. രണ്ട് ഫയർഎൻജിനുകൾ ,ആംബുലൻസ്, ജീവൻ രക്ഷാ വാഹനങ്ങൾ ഉൾപ്പെടെയുള്ള നിരവധി വാഹന നിർത്തിയിടാനുള്ള സൗകര്യങ്ങളും ഇവിടെ പരിമിതമാണ്. കഴിഞ്ഞ രണ്ട് പ്രളയത്തിലും ഓഫിസിൽ വെള്ളം കയറി ഫയലുകളും ഉപകരണങ്ങളുമെല്ലാം നശിച്ചിരുന്നു. സ്വന്തമായി കെട്ടിടം പണിയാൻ സ്ഥലം അന്വേഷിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. പയഞ്ചേരി- വികാസ് നഗർ റോഡിൽ പയഞ്ചേരി പഴയ ക്വാറി നിന്ന പൊതുമരാമത്തിൻ്റെ സ്ഥലം അനുയോജ്യമാണെന്ന് രണ്ടുവർഷം മുൻമ്പ് കണ്ടെത്തിയിരുന്നു.ഇതിൻ്റെ അടിസ്ഥാനത്തിലാണ് സ്ഥലം വിട്ടു നൽകണമെന്നാവശ്യപ്പെട്ട് അഗ്നി രക്ഷാ സേന അപേക്ഷ നൽകിയത്.
ഇരിട്ടി അഗ്നിരക്ഷ നിലയം പ്രതിവർഷം 200ഓളം കേസുകളാണ് കൈകാര്യം ചെയ്യുന്നത്. മലയോര മേഖലയായതിനാൽ വേനൽക്കാലത്തുണ്ടാകുന്ന തീപിടിത്തവും മഴക്കാലത്ത് മരം കടപുഴകി ഉണ്ടാകുന്ന അപകടങ്ങളും ഏറെയാണ് ഈ ഒരു പ്രാധാന്യം ഉൾക്കൊണ്ട് പൊതുമരാമത്ത് വകുപ്പ് തീരുമാനം പുന:പരിശോധിക്കുമെന്ന പ്രതീക്ഷയിലാണ് ഇരിട്ടി അഗ്നി രക്ഷാ സേനാംഗങ്ങൾ.