കണ്ണൂർ
ഉദയഗിരി പഞ്ചായത്തിലെ അതിർത്തിയിൽ കാട്ടാനശല്യം
ഉദയഗിരി ∙ പഞ്ചായത്തിലെ കർണാടക വനാതിർത്തിയോടു ചേർന്ന പ്രദേശങ്ങളിൽ കാട്ടാനശല്യം തുടരുകയാണ്. മൂരിക്കടവ്, അപ്പർചീക്കാട്, മധുവനം, മുട്ടത്താംവയൽ, ലോവർചീക്കാട്, നമ്പ്യാർമല, മാമ്പൊയിൽ എന്നിവിടങ്ങളിലാണു കാട്ടാനശല്യം രൂക്ഷമായത്. തെങ്ങ്, കമുക്, വാഴ തുടങ്ങിയവയാണ് ഇവ നശിപ്പിക്കുന്നത്. ജനവാസമേഖലയിലേക്ക് പ്രവേശിച്ച കാട്ടാനകൾ നാട്ടുകാരിൽ ഭീതിയും ജനിപ്പിച്ചുതുടങ്ങി.
ലോവർചീക്കാട്ടെ പുതിയവീട്ടിൽ സുരേഷ്കുമാർ, ആലപ്പള്ളിൽ രവീന്ദ്രൻ, മൂരിക്കടവ് മുട്ടത്താംവയലിലെ പ്ലാക്കാട്ട് രാജീവൻ, മുട്ടത്തുകുന്നേൽ ജോസഫ്, പുളിക്കൽ തോമസ്, പന്തപ്ലാക്കൽ ഏബ്രഹാം, അറയ്ക്കൽ സോമി, വെള്ളമറ്റം സാബു, പന്തപ്പള്ളിൽ ജോസ് മാമ്പുഴയ്ക്കൽ ജോയി, അടയ്ക്കാപ്പാറ മൈക്കിൾ, തോമസ് എന്നിവരുടെ കൃഷികളാണു കഴിഞ്ഞദിവസങ്ങളിൽ കാട്ടാനക്കൂട്ടം നശിപ്പിച്ചത്.
കാട്ടാനക്കൂട്ടം നാശം വരുത്തിയ കൃഷിയിടങ്ങൾ കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘവും ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള സംഘവും സന്ദർശിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പ്രവർത്തനരഹിതമായ സോളർവേലി പ്രവർത്തനസജ്ജമാക്കുക, കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്ന ആനകളെ തുരത്താൻ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കുക,
വനാതിർത്തിയോടു ചേർന്നുകിടക്കുന്ന 13 കിലോമീറ്ററോളം ഭാഗത്ത് തൂക്കു സോളർവേലി നിർമിക്കുക, ഉദയഗിരി പഞ്ചായത്ത് കേന്ദ്രീകരിച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ക്യാംപ് ഓഫിസ് എന്നിവ നടപ്പാക്കണമെന്ന് സോണി സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. ഡിസിസി സെക്രട്ടറി ബിജു പുളിയൻതൊട്ടി, ഷോബിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.