കണ്ണൂർ

സംസ്ഥാനപാതയിലേക്ക് സൈക്കിൾ ഓടിച്ച് കയറി കുട്ടി; ബൈക്കുമായി കൂട്ടിയിടിച്ചു, ബസിനു മുൻപിൽ അവിശ്വസനീയമായ രക്ഷപെടൽ!!

തളിപ്പറമ്പ്∙ സംസ്ഥാന പാതയിലേക്ക് സൈക്കിൾ ഓടിച്ച് കയറിയ കുട്ടി ബൈക്കുമായി കൂട്ടിയിടിച്ച ശേഷം പാഞ്ഞ് വരുന്ന കെഎസ്ആർടിസി ബസിന് മുൻപിൽ തെറിച്ച് വീണ് തലനാരിഴയ്ക്ക് റോഡിന് എതിർ ഭാഗത്തേക്ക് തെറിച്ചു വീണ് രക്ഷപ്പെട്ടു. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കുറുമാത്തൂർ പഞ്ചായത്തിലെ താഴെ ചൊറുക്കളയിൽ 20ന് വൈകിട്ട് 4.30 ഓടെയാണ് അവിശ്വസനീയമായ രക്ഷപെടൽ.

താഴെ ചൊറുക്കള പെട്രോൾ പമ്പിന് സമീപം ഇറക്കമുള്ള റോഡിൽ‍ നിന്ന് തളിപ്പറമ്പ് ഇരിട്ടി സംസ്ഥാനപാതയിലേക്കു സൈക്കിളിൽ വന്ന കുട്ടി സംസ്ഥാന പാതയിലൂടെ വന്ന ബൈക്കുമായി കൂട്ടിയിടിച്ച് സൈക്കിളിനൊപ്പം റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ബൈക്കിന് പിന്നാലെ വന്ന കെഎസ്ആർടിസി ബസിന് മുൻപിലേക്കു വീണ കുട്ടി പലതവണ ഉരുണ്ട് റോഡിന്റെ മറുഭാഗത്ത് എത്തി, അപ്പോഴേക്കും സൈക്കിളിന് മുകളിലൂടെ കെഎസ്ആർടിസി ബസിന്റെ മുൻപിലും പിറകിലുമുള്ള ചക്രങ്ങൾ കയറിയിറങ്ങിയിരുന്നു.

തൊട്ടു പിന്നാലെ വന്ന കാർ അപകടം കണ്ട് നിർത്തി. അപ്പോഴേക്കും ഉരുണ്ട് എഴുന്നേറ്റ കുട്ടി തന്റെ തകർന്ന് തരിപ്പണമായ സൈക്കിൾ നോക്കി നിൽക്കുന്ന വിഡിയോ ആണ് പുറത്തുവന്നത്. ഇതിനു സമീപത്തുള്ള വീട്ടിലെ സിസി ടിവി ക്യാമറയിലാണു ദൃശ്യങ്ങൾ പതിഞ്ഞത്. അപ്പോഴേക്കും ബസ് നിർത്തി യാത്രക്കാരും സമീപത്തുള്ള നാട്ടുകാരും ഓടിയെത്തി. ഇറക്കത്തിൽ നിയന്ത്രണം വിട്ടാണ് സംസ്ഥാനപാതയിലേക്ക് കുട്ടി എത്തിയത്. വിരലിന് ചെറിയ പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close