കേരളം

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ ഓഫ്‌ലൈന്‍ ആയി നടത്തുന്നതിന് എതിരായ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: സിബിഎസ്‌ഇ ഉള്‍പ്പെടെ വിവിധ ബോര്‍ഡുകള്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ ഓഫ്‌ലൈന്‍ ആയി നടത്തുന്നതിന് എതിരായ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കോവിഡ് സാഹചര്യം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ക്ലാസുകള്‍ എടുത്തുതീര്‍ത്തിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

ക്ലാസുകള്‍ എടുത്തുതീര്‍ക്കാതെ എങ്ങനെ പരീക്ഷ നടത്താനാവുമെന്ന് ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വാക്കാല്‍ പരാമര്‍ശിച്ചു. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, സിടി രവികുമാര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു വര്‍ഷവും സുപ്രീം കോടതി ഉത്തരവു പുറപ്പെടുവിച്ചിരുന്നുവെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഈ വര്‍ഷവും സമാനമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അവര്‍ പറഞ്ഞു.

കോടതി ഇടപെടലിനെത്തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം പരീക്ഷാ നടത്തിപ്പിനായി പ്രത്യേക സ്‌കീം ഉണ്ടാക്കിയത്. ഈ വര്‍ഷവും സമാനമായ ഒന്നു വേണ്ടതുണ്ടെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു.

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ടേം ടു ബോര്‍ഡ് പരീക്ഷ ഏപ്രില്‍ 26ന് തുടങ്ങാനാണ് സിബിഎസ്‌ഇ തീരുമാനിച്ചിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close