കേരളം
ഓപ്പറേഷന്‍ സൈലന്‍സിൽ കുടുങ്ങി നൂറ് കണക്കിന് യുവാക്കൾ.
‘ഓപ്പറേഷന്‍ സൈലന്‍സ്’ എന്ന പരിശോധനയുമായി മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നിരത്തിലിറങ്ങിക്കഴിഞ്ഞു. ഇഷ്ടത്തിനനുസരിച്ച് വാഹനങ്ങളില്‍ മോടികൂട്ടിയവരെയും, കാതടപ്പിക്കുന്ന ശബ്ദത്തില്‍ ഹരം കണ്ടെത്തുന്നവരെയും കണ്ണഞ്ചിപ്പിക്കുന്ന ഹെഡ്‌ലൈറ്റുകള്‍ ഉപയോഗിക്കുന്നവരെയും പൂട്ടാനാണ് പുതിയ പരിശോധന.
മോട്ടോര്‍ വാഹനവകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും നടത്തുന്ന പരിശോധനയില്‍ നിരവധി നിയമലംഘനങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. പരിശോധനയില്‍ ഹെല്‍മെറ്റില്ലാതെ യാത്രചെയ്തവര്‍ മുതല്‍ ചട്ടം ലംഘിച്ച് സര്‍വീസ് നടത്തിയ അന്തസ്സംസ്ഥാന ലോറികള്‍ വരെ കുടുങ്ങി. അപകടകരമായി വാഹനമോടിച്ച ഏതാനും ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്തു. ഇരുചക്ര വാഹനങ്ങളുടെ ശബ്ദംകൂട്ടാന്‍ പുകക്കുഴലില്‍ സൂത്രപ്പണി ചെയ്ത 54 യുവാക്കള്‍ക്ക് പിടിവീണു.
18-നും 25-നും ഇടയില്‍ പ്രായമുള്ളവരാണ് ഏറെയും കുടുങ്ങിയത്. പിഴ ചുമത്തിയശേഷം ഒരാഴ്ചയ്ക്കുള്ളില്‍ സൈലന്‍സറുകള്‍ മാറ്റി ആര്‍.ടി. ഓഫീസുകളില്‍ വാഹനം ഹാജരാക്കാനും നിര്‍ദ്ദേശം നല്‍കി. വാഹനത്തില്‍ ഘടനാപരമായ മാറ്റങ്ങള്‍ വരുത്തിയവരും പരിശോധനയില്‍ കുടുങ്ങിയിട്ടുണ്ട്.
മോടികൂട്ടിയത് നീക്കം ചെയ്തില്ലെങ്കില്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുമെന്ന് എന്‍ഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.