സിനിമ

ആക്ഷൻ ഹീറോ ബിജുവിന് രണ്ടാം ഭാ​ഗം

തിരുവനന്തപുരം: മലയാളത്തിൽ പുറത്തിറങ്ങിയിട്ടുള്ള പൊലീസ് ചിത്രങ്ങൾക്ക് കണക്കില്ല. എന്നാൽ പതിവു പൊലീസ് ചിത്രങ്ങളിൽ നിന്ന് മാറി റിയലിസ്റ്റിക് പൊലീസ് സിനിമയായി എത്തിയ ചിത്രമാണ് നിവിൻ പോളിയെ  നായകനാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജു .

വൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രം അടക്കം ചെറിയ വേഷങ്ങളിൽ എത്തിയവർ പോലും മിന്നും പ്രകടനം കൊണ്ട് അതിശയിപ്പിച്ചിരുന്നു. ചെറുകഥാപാത്രങ്ങൾ പോലും പിന്നീട് ട്രോളുകളിലും മീമുകളിലുമെല്ലാം സ്ഥാനം പിടിച്ചിരുന്നു. ഇപ്പോൾ സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നുവെന്നതാണ് പുതിയ വാർത്ത.

നിവിൻ പോളി തന്നെയായിരിക്കും ചിത്രം നിർമിക്കുന്നത്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പുതിയ ചിത്രം മഹാവീര്യറിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപനത്തോടനുബന്ധിച്ച് ഇറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യമുള്ളത്. കുറിപ്പിന്റെ അവസാന ഭാ​ഗത്ത് പോളി ജൂനിയർ പിക്ചേഴ്സിന്റെ വരാനിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിലാണ് ആക്ഷൻ ഹീറോ ബിജു രണ്ടാം ഭാ​ഗത്തിന്റെ പേരുള്ളത്.

താരം, ശേഖരവർമ്മ രാജാവ്, ഡിയർ സ്റ്റുഡന്റ്സ് എന്നിവയാണ് ഈ ലിസ്റ്റിലെ മറ്റുസിനിമകൾ. ഒരു പൊലീസ് സ്റ്റേഷനിൽ നടക്കുന്ന വിവിധ കേസുകളെയാണ് ആക്ഷൻ ഹീറോ ബിജുവിൽ ആവിഷ്കരിച്ചത്. നിവിൻ പോളിയും എബ്രിഡ് ഷൈനും ഒന്നിച്ച രണ്ടാമത്തെ ചിത്രമായിരുന്നു ആക്ഷൻ ഹീറോ ബിജു.

 

ചിത്രത്തിലെ ​ഗാനങ്ങളും കോമഡി രം​ഗങ്ങളും ഇപ്പോഴും സിനിമാപ്രേമികൾ നെഞ്ചേറ്റുന്നവയാണ്. അനു ഇമ്മാനുവൽ ആയിരുന്നു നായിക. ജോജു ജോർജ്, കലാഭവൻ പ്രജോദ്, അരിസ്റ്റോ സുരേഷ്, രോഹിണി, മേഘനാഥൻ, വിന്ദുജ മേനോൻ തുടങ്ങിയവരും താരനിരയിലുണ്ടായിരുന്നു.

അടുത്തമാസം 22 നാണ് നിവിൻ പോളി- എബ്രിഡ് ഷൈൻ കൂട്ടുകെട്ടിലെ മഹാവീര്യർ പുറത്തിറങ്ങുന്നത്. ആസിഫ് അലി, ലാൽ എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close