കണ്ണൂർ
യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം; ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്.
കണ്ണൂര്‍: ദിനേശ് ഓഡിറ്റോറിയത്തില്‍ ‘ജനസമക്ഷം സില്‍വര്‍ ലൈന്‍’പരിപാടിക്കിടെ പ്രതിഷേധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ കേസ്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി നല്കിയ പരാതിയില്‍ കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് നിര്‍ദേശം നല്‍കിയത്. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി എം. ഷാജിര്‍, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജിര്‍, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബര്‍ട്ട് ജോര്‍ജ്, സി.പി.എം തളിപ്പറമ്ബ് ഏരിയ സെക്രട്ടറി സന്തോഷ്, ഗോവിന്ദന് മാസ്റ്ററുടെ സ്റ്റാഫ് അംഗം പ്രശോഭ് മൊറാഴ തുടങ്ങി കണ്ടാലറിയാവുന്നവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താനാണ് വ്യാഴാഴ്ച കോടതി ജില്ല പൊലീസ് അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയത്. പ്രതിഷേധം നടത്തിയതിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത് സബ് ജയിലില്‍ റിമാന്‍ഡിലായ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, ജില്ല പ്രസിഡന്റ് സുധീപ് ജെയിംസ്, സംസ്ഥാന സെക്രട്ടറി വിനീഷ് ചുള്ളയാന്‍, പ്രനില്‍ മതുക്കോത്ത്, യഹിയ എന്നിവര്‍ക്കാണ് ജാമ്യം കിട്ടിയത്. ഇവര്‍ വെള്ളിയാഴ്ച വൈകീട്ട് ജയില്‍ മോചിതരായി.