കണ്ണൂർ
എസ്എസ്എൽസി പരീക്ഷയ്ക്ക് തുടക്കം
കണ്ണൂർ∙ എസ്എസ്എൽസി പരീക്ഷ ജില്ലയിൽ 190 കേന്ദ്രങ്ങളിലായി തുടങ്ങി. പരീക്ഷയ്ക്ക് 17,357 പെൺകുട്ടികളും 18,542 ആൺ കുട്ടികളും ഉൾപ്പെടെ റജിസ്റ്റർ ചെയ്തത് 35,899 പേരാണ്. പ്രൈവറ്റായി 8 പെൺകുട്ടികളും 30 ആൺകുട്ടികളും പരീക്ഷ എഴുതാനുണ്ട്. പരീക്ഷയെഴുതാൻ പ്രയാസമുള്ള 800 വിദ്യാർഥികൾ സഹായികളെ വച്ചും പരീക്ഷയെഴുതുന്നുണ്ട്. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതുന്നത് തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലാണ്. 14,711 പേരാണ് ഇവിടെ പരീക്ഷയ്ക്കുള്ളത്.
ജില്ലയിൽ കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തുന്നത് കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിലാണ്. 1234 പേരാണ് ഇവിടെ പരീക്ഷ എഴുതുന്നത്. ഏറ്റവും കുറവ് കുട്ടികൾ പരീക്ഷയെഴുതുന്നത് കോടിയേരി ഓണിയൻ എച്ച്എസ്എസിലാണ്. 11പേർ മാത്രമാണ് ഇവിടെ പരീക്ഷയ്ക്കുള്ളത്. പരീക്ഷാ നടത്തിപ്പിനു 200 ചീഫുമാരും 2500 ഇൻവിജിലേറ്റർമാരുമാണുള്ളത്.
ചോദ്യപേപ്പറുകൾ ട്രഷറികളിൽ നിന്നു രാവിലെ പരീക്ഷാ കേന്ദ്രങ്ങളിലെത്തിച്ചു. ഡിപിഐയുടെ സംസ്ഥാനതല സ്ക്വാഡ്, ഡിഡിഇയുടെ സ്ക്വാഡ്, ഡിഇഒമാരുടെ സ്ക്വാഡ് എന്നിങ്ങനെ പരീക്ഷ നടത്തിപ്പ് പരിശോധയ്ക്ക് സ്ക്വാഡുകൾ രംഗത്തുണ്ട്. ഏപ്രിൽ 29നാണ് പരീക്ഷ സമാപിക്കുക. പ്രയാസങ്ങളില്ലാതെ ആദ്യദിനം പരീക്ഷ നടത്താനായതായി ജില്ലാ വിദ്യാഭ്യാസ അധികൃതർ പറഞ്ഞു.