കണ്ണൂർ
20 കോടി രൂപ മുടക്കി ഏഴുവർഷം മുൻപെത്തിച്ച കട്ടർ സക്ഷൻ ഡ്രജർ; ഉപയോഗിക്കാതെ തുരുമ്പിച്ച നിലയിൽ…
കണ്ണൂർ : അഴീക്കൽ തുറമുഖ വികസനവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ നടപ്പായില്ല. കപ്പൽ ചാലിന്റെ ആഴം വർധിപ്പിക്കാൻ ഡ്രജിങ് ഉടൻ തുടങ്ങുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രഖ്യാപിച്ചത് കഴിഞ്ഞ ജൂൺ 14ന് തുറമുഖം സന്ദർശിക്കുമ്പോഴായിരുന്നു. പൊന്നാനി മാതൃകയിൽ മണൽ ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുമെന്നും പറഞ്ഞു. ഏഴു മാസം പിന്നിടുമ്പോഴും പ്രാഥമിക നടപടികൾ പോലുമായില്ല. രണ്ടാഴ്ചയ്ക്കകം ഡ്രജിങ് തുടങ്ങാനായിരുന്നു തുറമുഖ മന്ത്രിയുടെ അധ്യക്ഷതയിൽ ഓഗസ്റ്റ് 5ന് തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലെ തീരുമാനം.
കെ.വി.സുമേഷ് എംഎൽഎ, മാരിടൈം ബോർഡ് ചെയർമാൻ വി.ജെ.മാത്യു, സിഇഒ എച്ച്.ദിനേശ്, ജില്ലാ കലക്റ്റർ എന്നിവർ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലെ തീരുമാനവും നടപ്പായില്ല.ഏഴു മീറ്റർ വരെ ആഴം വർധിപ്പിക്കുന്നതിനായി നീക്കേണ്ട മണ്ണിന്റെ അളവ് ഹൈഡ്രോഗ്രഫിക് സർവേ പ്രകാരം കണ്ടെത്തി ടണ്ണിന് നിശ്ചിത തുക നിശ്ചയിച്ച് കരാർ നൽകാനായിരുന്നു ധാരണ. അന്നേ കരാർ വിളിച്ചിരുന്നെങ്കിൽ തുറമുഖത്തിന് ചില്ലിക്കാശിന്റെ ചെലവില്ലാതെ 7 മീറ്റർ ഡ്രജ് ചെയ്തു ഇതിനകം കപ്പൽ ചാലിലെ തടസ്സം നീക്കാൻ സാധിക്കുമായിരുന്നു. മുൻകാലങ്ങളിൽ ചെയ്തപോലെ ക്യാപിറ്റൽ ഡ്രജിങ്ങും ആലോചിച്ചിരുന്നു.
ഇതിനും ടെൻഡർ വിളിച്ചില്ല. അഴീക്കലിനെ റീജനൽ തുറമുഖമായി ഉയർത്താനുള്ള തീരുമാനം ആദ്യം വന്നത് രാമചന്ദ്രൻ കടന്നപ്പള്ളി തുറമുഖമന്ത്രിയായപ്പോഴാണ്. ഓഗസ്റ്റിലെ യോഗത്തിൽ മന്ത്രി ദേവർകോവിലും ഇക്കാര്യം ഉറപ്പു നൽകി. പിന്നീട് നിയമസഭയിലും മന്ത്രി വാഗ്ദാനം ആവർത്തിച്ചു. മാസങ്ങൾ പിന്നിട്ടിട്ടും ഒന്നും നടന്നിട്ടില്ല. റീജനൽ തുറമുഖമാകുന്നതോടെ അടിയന്തര ആവശ്യങ്ങൾക്ക് ഒരു ലക്ഷം രൂപവരെ ചെലവഴിക്കാനുള്ള അനുമതി പോർട്ട് ഓഫിസർക്കു ലഭിക്കുമായിരുന്നു. ഫ്യൂസായ ഒരു ബൾബ് മാറ്റണമെങ്കിൽ പോലും തുറമുഖ വകുപ്പിലേക്ക് കത്തെഴുതി കാത്തിരിക്കേണ്ട സ്ഥിതിയാണ് നിലവിൽ.
എംഎൽഎ താൽപര്യമെടുത്ത് ഒട്ടേറെ യോഗങ്ങൾ വിളിക്കുകയും മുഖ്യമന്ത്രിയുടെ ഉൾപ്പെടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിട്ടും ഫലമില്ലെന്നു തെളിയിക്കുന്നതാണ് അഴീക്കലിലെ കാഴ്ചകൾ. കട്ടർ സക്ഷൻ ഡ്രജർ (സിഎസ്ഡി) ചന്ദ്രഗിരി കാലങ്ങളായി ഉപയോഗിക്കാതെ തുരുമ്പിച്ച നിലയിലാണ്.20 കോടി രൂപ മുടക്കി ഡ്രഡ്ജർ അഴീക്കലിൽ എത്തിച്ചിട്ട് ഏഴുവർഷമായി. ചുരുങ്ങിയ കാലം മാത്രമാണ് ഇതു പ്രവർത്തിപ്പിച്ചത്. ബജറ്റിൽ അനുവദിച്ച തുക ഇതുവരെ മാരിടൈം ബോർഡിനു ലഭിക്കാത്തതാണ് തീരുമാനങ്ങൾ നടപ്പാക്കാനുള്ള തടസ്സമെന്നു ബോർഡ് അധികൃതർ പറഞ്ഞു. മാരിടൈം ബോർഡ് നിലവിൽ വന്നതോടെ ഇല്ലാതായ തുറമുഖ ഡയറക്ടറേറ്റിന്റെ പേരിലാണ് ഇപ്പോഴും ബില്ലുകൾ മാറുന്നത്. ബോർഡിലെ ചില ഉദ്യോഗസ്ഥരുടെയും മറ്റ് കേന്ദ്രങ്ങളുടെയും ഇടപെടലാണ് നടപടികൾ വൈകിപ്പിക്കുന്നത്.