കേരളം

കണ്ണൂരിൽ നിന്നും കിളികളെ കൊല്ലുന്ന തോക്ക് എത്തിച്ചു നൽകിയില്ല, പിന്നീട് നടന്നത് കൊലപാതകം

അട്ടപ്പാടി നരസിമുക്കില്‍ യുവാവിനെ സംഘം ചേര്‍ന്ന് അടിച്ചു കൊന്ന സംഭവത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. അഷ്റഫ്, സുനില്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂര്‍ സ്വദേശിയായ നന്ദകിഷോര്‍ (23) ആണ് മരിച്ചത്. സംഭവത്തില്‍ നേരത്തെ നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി.നന്ദകിഷോറിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് വിനായകന്‍ ഗുരുതര പരുക്കുകളോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ വിപിന്‍ പ്രസാദ് (സുരേഷ് ബാബു), ചെര്‍പ്പുളശ്ശേരി സ്വദേശി നാഫി (24) എന്ന ഹസ്സന്‍, മാരി (23) എന്ന കാളി മുത്തു, രാജീവ് ഭൂതിവഴി (22) എന്ന രംഗനാഥന്‍ എന്നിവരെയാണ് നേരത്തെ അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെയാണ് യുവാവിനെ മര്‍ദ്ദിച്ച് കൊന്നത്. തോക്ക് കച്ചവടവുമായി ബന്ധപ്പെട്ട ഇടപാടുകളെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

കണ്ണൂരില്‍ നിന്ന് കിളികളെ കൊല്ലുന്ന തോക്ക് എത്തിച്ചു നല്‍കാമെന്ന് പറഞ്ഞ് നന്ദകിഷോറും കൂട്ടുകാരന്‍ വിനായകനും പ്രതികളില്‍ നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാല്‍ നിശ്ചിത സമയം കഴിഞ്ഞും തോക്ക് എത്തിച്ച് കൊടുത്തില്ല.

പണം തിരികെ ചോദിച്ചപ്പോള്‍ അതും നല്‍കിയില്ല. ഇതേ തുടര്‍ന്ന് തോക്കിനെ കുറിച്ച് ചോദിക്കാന്‍ ഇരുവരെയും പാലക്കാട്ടേക്ക് വിളിച്ചു വരുത്തി. പിന്നീട് തര്‍ക്കമുണ്ടാകുകയായിരുന്നു. മര്‍ദ്ദനമേറ്റ വിനായകന്‍ കണ്ണൂര്‍ സ്വദേശിയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close