കണ്ണൂർ
മൂഴിക്കരയിൽ വീടിനു നേരെ പെട്രോൾ ബോംബേറ്; പതിച്ചത് 90 വയസുള്ള മാതാവ് ഉറങ്ങിയ മുറിയുടെ മുൻപിലുള്ള ജനലിൽ
തലശ്ശേരി ∙ മൂഴിക്കരയിൽ കോൺഗ്രസ് പ്രവർത്തകന്റെ വീടിനു നേരെ കഴിഞ്ഞദിവസം പുലർച്ചെ പെട്രോൾ ബോംബ് എറിഞ്ഞു. കോൺഗ്രസ് കോടിയേരി ബ്ലോക്ക് നിർവാഹകസമിതി അംഗം മൂഴിക്കര പുതിയവീട്ടിൽ പി.എം.കനകരാജന്റെ വീടിനു നേരെയാണ് ആക്രമണം. കനകരാജന്റെ ഭാര്യ ജയശ്രീ കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.കനകരാജന്റെ 90 വയസുള്ള മാതാവ് ശാരദ ഉറങ്ങുന്ന മുറിയുടെ തൊട്ടു മുൻപിലുള്ള ജനലിലാണ് ബോംബ് പതിച്ചത്. ജനാലയുടെ മര അഴികൾ കത്തിയ നിലയിലാണ്. ചുമരിൽ കറുത്ത നിറമാണ്. സമീപത്ത് പൊട്ടിയ കുപ്പിയുടെ അവശിഷ്ടങ്ങളും കണ്ടെത്തി. തലശ്ശേരി പൊലീസ് ഇൻസ്പെക്ടർ എം.വി.ബിജു, ന്യൂമാഹി എസ്ഐ ജയൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് എത്തി പരിശോധന നടത്തി. ഫോറൻസിക് വിദഗ്ദരും പരിശോധിച്ചു. കെ.മുരളീധരൻ എംപി, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ വീട്ടിലെത്തി.