ഇരിട്ടി∙ നഗരത്തിൽ യൂത്ത് കോൺഗ്രസ് – ഡിവൈഎഫ്ഐ സംഘർഷം. പൊലീസുകാരൻ അടക്കം 17 പേർക്ക് പരുക്ക്. പ്രകടനത്തിൽ പങ്കെടുത്ത വനിത പ്രവർത്തകർ ഉൾപ്പെടെ പരുക്കേറ്റവരിൽ ഉൾപ്പെടും. മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിച്ചു എന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പന്തം കൊളുത്തി പ്രകടനത്തിനും മുഖ്യമന്ത്രിയെ ആക്രമിച്ചു എന്ന പരാതിയുമായി ഡിവൈഎഫ്ഐയും നഗരത്തിൽ നടത്തിയ പ്രതിഷേധപ്രകടനത്തിനും ഇടയിലാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. യൂത്ത് കോൺഗ്രസിന്റെ പ്രകടനം പാലത്തിനു സമീപം വരെ പോയി തിരിച്ചു വരുമ്പോൾ ഡിവൈഎഫ്ഐ പ്രകടനം എതിർദിശയിൽ നിന്നു മുസ്‍ലിം പള്ളിക്കു സമീപം എത്തി. തുടർന്നു സംഘർഷം ആയി. യൂത്ത് കോൺഗ്രസുകാരുടെ കയ്യിൽ ഉണ്ടായിരുന്ന പന്തം പിടിച്ചെടുത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചതായി യൂത്ത് കോൺഗ്രസും യൂത്ത് കോൺഗ്രസിന്റെ പന്തം ഉപയോഗിച്ച് ഇവർ ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു എന്ന് ഡിവൈഎഫ്ഐയും ആരോപിച്ചു.
സംഘർഷം ഉണ്ടാകുമ്പോൾ കുറച്ചു പൊലീസുകാർ മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളൂ. കൂടുതൽ പൊലീസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. കല്ലേറിലും പന്തവും വടിയും ഉപയോഗിച്ചുള്ള ആക്രമണങ്ങളിലും ആണു പരുക്ക്. നെറ്റിയിലും കൈത്തണ്ടയിലും പരുക്കേറ്റ കരിക്കോട്ടക്കരി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സതീഷ് സെബാസ്റ്റ്യനെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി അംഗം രഞ്ചുഷ, പായം മണ്ഡലം പ്രസിഡന്റ് ഡോ. ശരത് ജോഷ്, യൂത്ത് കോൺഗ്രസ് മുഴക്കുന്ന് മണ്ഡലം പ്രസിഡന്റ് സജിത മോഹനൻ, ബ്ലോക്ക് സെക്രട്ടറി റഷീദ് പുന്നാട്, യൂത്ത് കോൺഗ്രസ് ഇരിട്ടി മണ്ഡലം സെക്രട്ടറി ടി.കെ.നിർഷാദ്, കോൺഗ്രസ് കൂരൻമുക്ക് ബൂത്ത് പ്രസിഡന്റ് ബഷീർ കൂരൻമുക്ക്, കൊട്ടിയൂർ മണ്ഡലം പ്രസിഡന്റ് നിഖിൽ, ഷാനിദ് കൂരൻമുക്ക്, ഡിവൈഎഫ്ഐ മേഖല ജോയിന്റ് സെക്രട്ടറി കെ.അമൽ, ശ്യാംജിത്ത്, പി.അമൽ, എൻ.സാജിദ് എന്നിവർക്കാണ് പരുക്ക് ഏറ്റത്. ഇവരെ തലശ്ശേരി, കണ്ണൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.