കേരളം

കൊല്ലത്ത് കാണാതായ രണ്ട് വയസ്സുകാരനെ കണ്ടെത്തി: ദുരൂഹത കുട്ടി പുനലൂർ താലൂക്ക് ആശുപത്രിയിൽ

കൊല്ലം: കൊല്ലം അഞ്ചൽ തടിക്കാട്ടിൽ കാണാതായ രണ്ട് വയസ്സുകാരനെ തൊട്ടടുത്തുള്ള റബ്ബർ തോട്ടത്തിൽ കണ്ടെത്തിയതിന്‍റെ ആശ്വാസത്തിലാണ് നാടും പൊലീസുകാരും. എന്നാൽ കഴിഞ്ഞ ഒരു ദിവസം രാത്രി മുഴുവൻ നാടൊട്ടാകെ തെരഞ്ഞ ഫർഹാൻ തൊട്ടടുത്തുള്ള റബ്ബർ തോട്ടത്തിലെത്തിയതെങ്ങനെ എന്ന സംശയം മാറുന്നില്ല നാട്ടുകാർക്കും പൊലീസിനും.

രാത്രി നല്ല മഴയായിരുന്നു. ഈ മഴ അടക്കം കൊണ്ട് കരയുക പോലും ചെയ്യാതെ ഫർഹാൻ രാത്രി മുഴുവൻ റബ്ബർ തോട്ടത്തിലിരുന്നോ? കുഞ്ഞിനെ ആരെങ്കിലും തട്ടിക്കൊണ്ട് പോയി ഒടുവിൽ നിവൃത്തിയില്ലാതെ വന്നപ്പോൾ റബ്ബർ തോട്ടത്തിൽ ഉപേക്ഷിച്ചതാണോ? ഇക്കാര്യങ്ങളെല്ലാം വിശദമായി അന്വേഷിക്കാനൊരുങ്ങുകയാണ് പൊലീസ്.

തടിക്കാട് സ്വദേശികളായ അൻസാരി – ഫാത്തിമ ദമ്പതികളുടെ മകനായ രണ്ട് വയസ്സുകാരനായ ഫർഹാനെ രാത്രി മുഴുവൻ നാടും പൊലീസുകാരും ചേർന്ന് തിരയുകയായിരുന്നു. പൊലീസ് നായയെ ഉൾപ്പടെ കൊണ്ടുവന്ന് നടത്തിയ പരിശോധനയ്ക്ക് ഒടുവിലാണ് ഇന്ന് രാവിലെ ഏഴരയോടെ തൊട്ടടുത്തുള്ള റബ്ബർ തോട്ടത്തിൽ നിന്ന് ഫർഹാനെ കണ്ടെത്തിയത്. കുട്ടിയ്ക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല.

പക്ഷേ ആൾക്കൂട്ടത്തെയും പൊലീസിനെയും കണ്ട് ആകെ ബഹളമായതോടെ കുഞ്ഞ് പരിഭ്രമിച്ചു. ആൾക്കൂട്ടം മൊത്തം ഓടിയെത്തുന്നതിന് മുമ്പേ കുഞ്ഞ് ഫർഹാനെ കോരിയെടുത്ത് ഓടുകയായിരുന്നു പൊലീസുദ്യോഗസ്ഥർ. ആകെ പരിഭ്രമിച്ചതിന്‍റെ ബുദ്ധിമുട്ട് മാത്രമേ കുഞ്ഞിനിപ്പോഴുള്ളൂ. തൊട്ടടുത്തുള്ള പുനലൂരിലെ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകാനായി എത്തിച്ചിരിക്കുകയാണിപ്പോൾ കുഞ്ഞ് ഫർഹാനെ. പരിശോധനകൾക്ക് ശേഷം അച്ഛനുമമ്മയ്ക്കും ഒപ്പം കുഞ്ഞിനെ വിടും.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close