കണ്ണൂർ
കുറുക്കനും നായ്ക്കളും തമ്പടിക്കുന്നു : മാലിന്യം തള്ളുന്നത് കനാലിൽ
ചക്കരക്കല്ല് : കാടും മുൾപ്പടർപ്പും മാലിന്യങ്ങളും നിറഞ്ഞ് കനാലുകൾ. പഴശ്ശി കനാലിന്റെ അവസ്ഥ പല ഭാഗങ്ങളിലും ഇതാണ്. അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിന് സമീപം കാവിന്മൂല ഭാഗത്തെ കനാൽ കാടും പ്ലാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞിരിക്കുകയാണ്. നൂറുകണക്കിന് സ്കൂൾ വിദ്യാർഥികളും മറ്റു യാത്രക്കാരും ഉപയോഗിക്കുന്ന പ്രധാന റോഡിനരികിലാണ് ഇത്.
അഞ്ചരക്കണ്ടി വില്ലേജ് ഓഫീസ്, വയോജന വിശ്രമകേന്ദ്രം മറ്റു കച്ചവട സ്ഥാപനങ്ങൾ എന്നിവയെല്ലാം ഇതിന് തൊട്ടടുത്താണുള്ളത്. അറവുമാലിന്യങ്ങളും മറ്റും നിറയുന്നതിനാൽ തെരുവുനായ്ക്കളുടെയും കുറുക്കന്മാരുടെയും ശല്യം വർധിച്ചിട്ടുണ്ട്. ആയിരക്കണക്കിന് വിദ്യാർഥികൾ നടന്നു പോകുന്ന പ്രധാന റോഡിനിരുവശത്തെയും കനാലിന്റെ അവസ്ഥ ഇതാണ്. വില്ലേജ് ഓഫീസിലും മറ്റുമെത്തുന്നവർക്കും ഇത് ദുരിതമാകുന്നു. കനാലിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ നടപടി വേണമെന്ന് പരിസരവാസികൾ പറഞ്ഞു.
മഴയ്ക്കുമുൻപെ ഈ മാലിന്യങ്ങൾ നീക്കിയില്ലെങ്കിൽ ചീഞ്ഞഴുകി രൂക്ഷമായ ദുർഗന്ധത്തിനും കൊതുകുവ്യാപനത്തിനും കാരണമാകും. കാട് വെട്ടിത്തെളിച്ച് മാലിന്യം നീക്കാനും മാലിന്യമിടുന്നത് തടയാനും അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തരനടപടി ഉണ്ടാകണമെന്നാണ് ആവശ്യം.