ഇരിട്ടി
പഴശ്ശി ഡാമിന്റെ ഷട്ടർ തുറന്നു
മട്ടന്നൂര്‍: പഴശി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നു ഡാമിന്റെ ഷട്ടറുകള്‍ തുറന്നു.
ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായാണ് നാല് ഷട്ടറുകള്‍ ഭാഗികമായി തുറന്നത്. ആദ്യം രണ്ടു ഷട്ടറുകള്‍ അഞ്ച് സെന്റീമീറ്റാണ് തുറന്നത്. ഡാമില്‍ വെള്ളം കുറയാതെ വന്നതോടെ ഉച്ചയ്ക്ക് ഒന്നരയോടെ രണ്ടു ഷട്ടറുകളുംകൂടി അഞ്ച് സെന്റീമീറ്റര്‍ ഉയര്‍ത്തുകയായിരുന്നു.
അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നതിനാലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലുമാണ് ഷട്ടറുകള്‍ തുറന്ന് വളപട്ടണം പുഴയിലേക്ക് വെള്ളം ഒഴുക്കി വിട്ടത്.
രണ്ടു ദിവസമായി പെയ്യുന്ന മഴയെ തുടര്‍ന്ന് മലയോര മേഖലയില്‍ നിന്നുള്ള നീരൊഴുക്ക് വര്‍ധിച്ചതാണ് അണക്കെട്ടില്‍ ജലനിരപ്പ് ഉയരാന്‍ കാരണം. അണക്കെട്ടിന്റെ 16 ഷട്ടറുകളില്‍ നാല് എണ്ണമാണ് ഉയര്‍ത്തിയത്. ഡാമില്‍ 26 സ്കൈയില്‍ മീറ്ററില്‍ വെള്ളം ഉയര്‍ന്നപ്പോഴാണ് പഴശി എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഷട്ടറുകള്‍ തുറന്നത്.
ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ സുരക്ഷിതത്വം കണക്കിലെടുത്താണ് ഡാമിന്റെ ഷട്ടറുകള്‍ ഭാഗികമായി തുറക്കാന്‍ തീരുമാനിച്ചത്. ഇനിയും വെള്ളം ഉയരുമെങ്കില്‍ കൂടുതല്‍ ഷട്ടറുകള്‍ തുറക്കും. ഷട്ടറുകള്‍ തുറന്നാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നതിനാല്‍ സമീപ വാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ജില്ലയില്‍ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിന് കഴിഞ്ഞ നവംബറിലാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ അടച്ചു വെള്ളം സംഭരിക്കാന്‍ തുടങ്ങിയിരുന്നത്.