കൊട്ടിയൂര്‍: നെല്ലിയോടി മേഖലയില്‍ കടുവയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തിയതോടെ പ്രദേശവാസികള്‍ ഭീതിയില്‍.
അഞ്ചു ദിവസത്തോളമായി പ്രദേശത്ത് വിവിധ ഇടങ്ങളിലായി കടുവയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞിട്ടുണ്ട്. നെല്ലിയോടി സ്വദേശി തെങ്ങുമ്ബള്ളി വില്‍സണ്‍, കരോട്ട് ദാസന് എന്നിവരുടെ കൃഷിയിടങ്ങളിലാണ് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടത്. വനംവകുപ്പ് സ്ഥലത്തെത്തി കാല്‍പ്പാടുകള്‍ കടുവയുടേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
ബുധനാഴ്ച പുലര്‍ച്ചെ ടാപ്പിംഗിനായി തോട്ടത്തിലെത്തിയ വെട്ടത്ത് ബിനോയ് അസാധരണമായി മാനുകള്‍ കൂട്ടത്തോടെ ഓടിവരുന്നതും തൊട്ടു പിറകെ തന്നെ കടുവയുടെ അലര്‍ച്ചയും കേട്ടതിനെ തുടര്‍ന്ന് ടാപ്പിംഗ് നടത്താതെ ഭയന്ന് ഓടിപ്പോവുക യായിരുന്നു. പകല്‍ സമയത്ത് പോലും വളര്‍ത്തുമൃഗങ്ങളെ പറമ്ബില്‍ കെട്ടാന്‍ കഴിയാത്ത അവസ്ഥയാണെന്നും ഇവര്‍ പറയുന്നു. ഏതാനും ദിവസം മുമ്ബാണ് പാല്‍ച്ചുരത്ത് സ്വകാര്യ വ്യക്തിയുടെ പറമ്ബില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടത്. രാത്രിയില്‍ കടുവയുടെ അലര്‍ച്ചയും ചെറുജീവികളുടെ അസാധാരണമായ കരച്ചിലും കേള്‍ക്കാമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ജനവാസ കേന്ദ്രത്തിലുള്ള കടുവയുടെ സാന്നിധ്യം പ്രദേശവാസികളുടെ ടാപ്പിംഗ് പോലുള്ള തൊഴിലിനെയും ബാധിച്ചിരിക്കുകയാണ്.വനംവകുപ്പ് വേണ്ട നടപടികള്‍ സ്വീകരിച്ച് പ്രദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം