കണ്ണൂർ

അപകടഭീഷണി ഉയർത്തുന്ന കൂറ്റൻ മരം മുറിച്ച് മാറ്റിയില്ല; തണൽ ഒരുക്കാൻ നാട്ടുകാർ വച്ച് പിടിപ്പിച്ചവ മുറിച്ചുമാറ്റി

കൂത്തുപറമ്പ് ∙ ആമ്പിലാട് കനാൽക്കരയിൽ ജലസേചന വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്തെ മരം മുറി നാട്ടുകാർ തടഞ്ഞു. കനാൽക്കരയിലെ തണൽ മരങ്ങൾ അനധികൃതമായി മുറിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.  മരങ്ങൾ മുറിച്ചു മാറ്റുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ ഇത് ചോദ്യം ചെയ്തു. കനാലിന് തടസ്സം നിൽക്കുന്ന മരങ്ങൾ മുറിച്ചെടുക്കാൻ കരാർ എടുത്തതാണെന്ന് തൊഴിലാളികൾ പറഞ്ഞെങ്കിലും ഇത് വ്യക്തമാക്കാനുള്ള മതിയായ രേഖകൾ അവരുടെ കൈവശം ഉണ്ടായിരുന്നില്ല.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തുകയും അനുമതി രേഖ കൊണ്ട് വന്ന് ജോലി തുടങ്ങിയാൽ മതിയെന്ന് പറഞ്ഞ് ജോലിക്കാരെ തിരിച്ചയക്കുകയുമായിരുന്നു. കനാൽക്കരയിൽ തണൽ ഒരുക്കാൻ നാട്ടുകാർ വച്ച് പിടിപ്പിച്ചതാണ് മരങ്ങളെന്നും ഇത് കനാലിന് ഒരു തടസ്സവും ഉണ്ടാക്കുന്നില്ലെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി. വലിയ 6 മരങ്ങൾ മുറിച്ച് മാറ്റിയിരുന്നു.

അതേസമയം സമീപത്തെ കനാൽ പാലത്തിന് അപകടഭീഷണി ഉയർത്തുന്ന കൂറ്റൻ മരം മുറിച്ച് മാറ്റാൻ നിരവധി തവണ നാട്ടുകാർ പരാതിപ്പെട്ടെങ്കിലും ഇത് മുറിച്ചുമാറ്റാൻ ബന്ധപ്പെട്ട അധികൃതർ തയാറായില്ലെന്നും പരിസരത്തുള്ളവർ പറഞ്ഞു. ഒരു പ്രയാസവും ഉണ്ടാക്കാത്ത തണൽ മരങ്ങൾ മുറിച്ച് മാറ്റുന്നതിൽ നാട്ടുകാർക്ക് അമർഷമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close