കേരളം
വിനോദ സഞ്ചാരത്തിനെത്തിയ കുടുംബത്തിലെ ഒരാൾ ഇടിമിന്നലേറ്റ് മരിച്ചു
ഇടുക്കി: മലയിഞ്ചി കട്ടിക്കയം തെങ്ങനാനിക്കൽ ജ്യോതിഷ് (30) ആണ് ഇടിമിന്നലേറ്റ് മരിച്ചത്.വെൻമണിക്ക് സമീപം കാറ്റാടിക്കടവിലാണ് സംഭവം. ഒപ്പമുണ്ടായിരുന്ന സഹോദരൻ അമൽ സുരേഷും, മറ്റ് രണ്ട് ബന്ധുക്കൾക്കും പരിക്കേറ്റു. ഇവരെ തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് പരിക്ക് ഗുരുതരമല്ല.
മലയിഞ്ചി പെരിങ്ങാശ്ശേരിയിൽ നിന്ന് വന്ന ഒരു കുടുംബമാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കാറ്റാടിക്കടവ് വിനോദ സഞ്ചാര കേന്ദ്രം സന്ദർശിക്കാനെത്തിയതായിരുന്നു ഇവർ. ജ്യോതിഷിന്‍റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം കണ്ണൂരിലും ഒരാൾ ഇടിമിന്നലേറ്റ് മരണപ്പെട്ടിരുന്നു. കണ്ണൂർ കൂത്തുപറമ്പ് കരിയിൽ കൂട്ടപ്പുന സ്വദേശി ജോയ് (50) ആണ് മരിച്ചത്. വെൽഡിങ് തൊഴിലാളിയാണ് ജോയി. തിരുവനന്തപുരം പോത്തൻകോട്ട് പത്ത് പേർക്ക് ഇടിമിന്നലേറ്റു.
ഇതിൽ ഒമ്പത് പേർ തൊഴിലുറപ്പ് തൊഴിലാളികളും ഒരാൾ വീട്ടമ്മയുമാണ്. ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ തോന്നയ്ക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.
ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്.
ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.
– ഇടിമിന്നലിൻറെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
– മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.