കണ്ണൂർ
ദേശീയപാത നിർമാണം: പൊടിയിൽ മുങ്ങി നാട്, പരസ്പരം കാണാനാവാത്ത അവസ്ഥയെന്ന് നാട്ടുകാർ
തളിപ്പറമ്പ്∙ ദേശീയപാത ബൈപാസ് നിർമാണം പുരോഗമിക്കുമ്പോൾ രൂക്ഷമായ പൊടി ശല്യത്തിൽപെട്ട് രക്ഷയില്ലാതെ നാട്ടുകാർ. വയൽ നികത്താനായി രാപകൽ ഭേദമില്ലാതെ മണ്ണുമായി ടോറസ് ലോറികൾ പായുമ്പോൾ ഉയർന്ന് പൊങ്ങുന്ന പൊടിയിൽ പരസ്പരം കാണാനാവാത്ത അവസ്ഥയിലാണ് തങ്ങളെന്ന് നാട്ടുകാർ പറയുന്നു. ചിലർ വീടൊഴിഞ്ഞ് പോവുകയും ചെയ്തു. പൊടി നിയന്ത്രിക്കാൻ വെള്ളം ഒഴിക്കണമെന്ന് പറഞ്ഞിട്ടും ബന്ധപ്പെട്ടവർ അനുസരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം വയൽക്കിളി പ്രവർത്തകരുടെ നേതൃത്വത്തിൽ ഇവിടെ ലോറികൾ തടഞ്ഞിരുന്നു.
പുളിമ്പറമ്പിലെ കുന്നിടിച്ച് കൊണ്ടു വരുന്ന മണ്ണാണ് കീഴാറ്റൂർ വയലിലും കൂവോട് ഉൾപ്പെടെയുള്ള ഭാഗത്തും വയലിൽ നിറയ്ക്കുന്നത്. നികത്തിയ വയലിലൂടെ നൂറു കണക്കിന് തവണ ടോറസ് ലോറികൾ മണ്ണുമായി പായുമ്പോൾ ഇവിടത്തെ പൊടി ശല്യം അതിരൂക്ഷമായിരിക്കുകയാണ്. ചെറുകിട റോഡുകളുടെ പ്രവൃത്തി എടുക്കുമ്പോൾ തന്നെ ഇത്തരത്തിൽ പൊടി ശല്യം ഇല്ലാതിരിക്കാൻ കരാറുകാർ ലോറിയിൽ വെള്ളം തളിക്കാറുണ്ട്.
ഇക്കാര്യം നാട്ടുകാർ ബൈപാസ് നിർമാണത്തിൽ ഏർപ്പെട്ട കമ്പനി പ്രതിനിധികളോട് പറഞ്ഞപ്പോൾ ദേശീയപാത ഉദ്യോഗസ്ഥരാണ് ഇത്തരം നടപടികൾ ചെയ്യേണ്ടതെന്ന് പറഞ്ഞ് ഒഴിയുകയാണത്രെ ഉണ്ടായത്. ദേശീയപാത അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടി പറയാൻ അവർ തയാറാകുന്നില്ലെന്നും പരാതിയുണ്ട്. ഇതേ തുടർന്നാണ് ഇവിടെയുള്ള ഒരു കുടുംബം വീടൊഴിഞ്ഞ് പോയത്. മറ്റുള്ളവർ വീടുകൾക്ക് മുൻപിൽ വലിയ കർട്ടനുകൾ തൂക്കിയിട്ടും മറ്റുമാണ് കഴിയുന്നത്.
എന്നാൽ രാത്രിയിൽ ഉൾപ്പെടെ മണ്ണുമായി ലോറികൾ കടന്ന് പോകുന്നതിനാൽ വീടുകൾക്ക് ഉള്ളിലേക്ക് വരെ കടന്ന് കയറുന്ന പൊടി ശല്യം നിമിത്തം ഉറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. കുട്ടികളും മുതിർന്നവരുമാണ് ഏറെ കഷ്ടപ്പെടുന്നത്. ദേശീയപാത നിർമാണ പ്രവൃത്തികൾ നടത്തുമ്പോൾ പൊടി ശല്യം നിയന്ത്രിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കണമെന്ന് ഡിപിആറിൽ പറയുന്നുണ്ടെങ്കിലും അധികൃതർ നിയമ ലംഘനം നടത്തുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നു.