കണ്ണൂർ
ചെറുപുഴയിൽ ഗതാഗത പരിഷ്കരണം നടപ്പാക്കി; കുരുക്കഴിഞ്ഞു
ചെറുപുഴ∙ ഗതാഗത പരിഷ്കരണം നടപ്പാക്കിയതോടെ ചെറുപുഴ ടൗണിലെ ഗതാഗതക്കുരുക്കിനു പരിഹാരമായി. മലയോര പാതയുടെ പടിഞ്ഞാത്ത് ജ്വല്ലറി മുതൽ ചെറുപുഴ പൊലീസ് സ്റ്റേഷൻ വരെയുള്ള റോഡിന്റെ ഒരു ഭാഗത്തു വാഹനങ്ങൾ നിർത്തിയിടുന്നത് നിരോധിച്ചതോടെയാണു ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനായത്. എന്നാൽ ടൗണിന്റെ ചില ഭാഗങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തത് ദൂരെ നിന്നു വരുന്ന യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ചെറുപുഴ മേലെ ബസാറിൽ നിന്നു കെഎസ്ഇബി ഓഫിസ് വരെയുള്ള ഭാഗങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്.
എന്നാൽ ഇവിടെ നിരോധനം ലംഘിച്ചു വാഹനങ്ങൾ പാർക്ക് ചെയ്യുന്നതായി പരാതിയുണ്ട്. ചെറുപുഴ- തിരുമേനി, ചെറുപുഴ -ആലക്കോട് ഭാഗങ്ങളിലേക്ക് പോകുന്ന ബസുകൾ ഉൾപ്പെടെയുള്ള നൂറുക്കണക്കിനു വാഹനങ്ങളാണു ദിവസവും ഇതുവഴി കടന്നുപോകുന്നത്. വിശാലമായ ടൗണിൽ ഒരു ഹോംഗാർഡ് മാത്രമാണു ട്രാഫിക് ഡ്യൂട്ടിയിലുള്ളത്. ഒരാഴ്ചയെങ്കിലും കൂടുതൽ പൊലീസിനെ ട്രാഫിക്കിന് നിയോഗിച്ചാൽ മാത്രമെ ടൗണിൽ ഏർപ്പെടുത്തിയ ഗതാഗത പരിഷ്കരണം വിജയത്തിലെത്തിക്കാനാകൂ.പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ, സ്ഥിരംസമിതി അധ്യക്ഷൻമാരായ എം.ബാലകൃഷ്ണൻ, കെ.കെ.ജോയി എന്നിവരുടെ നേതൃത്വത്തിൽ ദിവസവും ടൗണിൽ നിരീക്ഷണം നടത്തുന്നുണ്ട്.