കണ്ണൂർ
ഒരു പതിറ്റാണ്ട് കഴിഞ്ഞു; വീടില്ലാതെ ആദിവാസി കുടുംബങ്ങൾ
ആലക്കോട് ∙ ഒരു പതിറ്റാണ്ടു കഴിഞ്ഞിട്ടും വീട് പൂർത്തീകരിക്കാനാകാതെ പത്തോളം ആദിവാസി കുടുംബങ്ങൾ. ഒടുവള്ളി ചെങ്ങറ കോളനി നിവാസികൾക്കാണ് ഈ ദുർഗതി. 2010ലാണ് ഇവർക്ക് ഒടുവള്ളിയിൽ അരയേക്കർ വീതം ഭൂമി ലഭിച്ചത്. ചെങ്കൽ പ്രദേശമാണെന്നും വാസയോഗ്യമല്ലെന്നും പറഞ്ഞു കുറച്ചുപേർ ഇവിടെ താമസത്തിന് എത്തിയില്ല. ചെങ്ങറ ഭൂസമരത്തിൽ പങ്കെടുത്തവരാണിവർ. സമരം ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായാണു ഭൂരഹിതരായ ഇവർക്കു ഭൂമി നൽകാൻ സർക്കാർ തയാറായത്.
വീട് നിർമിക്കാൻ 2 ലക്ഷം രൂപയും അനുവദിച്ചു. ഭൂമി ലഭിച്ചവർ താമസിയാതെ തന്നെ വീട് നിർമാണവും ആരംഭിച്ചു. 3 ഘട്ടമായാണു വീടിനുള്ള തുക അനുവദിച്ചത്. എന്നാൽ സർക്കാർ അനുവദിച്ച തുക കൊണ്ട് ആർക്കും തന്നെ വീട് പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. റോഡും വെള്ളവും അന്നു ലഭ്യമായിരുന്നില്ല. ഇവ ലഭ്യമാക്കാൻ അനുവദിച്ച തുകയുടെ നല്ലൊരു ഭാഗവും ചെലവഴിക്കേണ്ടി വന്നു. സ്വന്തമായി കുറെ തുക ചെലവഴിച്ചിട്ടും പലരുടെയും വീട് പൂർണമായില്ല.
8 വർഷം കഴിയുമ്പോൾ വീടിന്റെ അറ്റകുറ്റപ്പണിക്കു സാമ്പത്തിക സഹായം നൽകുമെന്നു പറഞ്ഞെങ്കിലും സഹായം ലഭിച്ചില്ലെന്നു കോളനിയിലെ അക്ഷയ ഭവനിൻ സോമൻ പറയുന്നു. ഇദ്ദേഹത്തിന്റെ വീടും പൂർത്തീകരിക്കാതെ കിടക്കുകയാണ്. വീട് പണിയാൻ വെള്ളത്തിനു തന്നെ 8500 രൂപ ചെലവഴിച്ചതായും അദ്ദേഹം പറയുന്നു. വീട് തേയ്ക്കാത്തതിനാൽ ഭിത്തിക്കുള്ളിൽ പാമ്പുകൾ ഉൾപ്പെടെയുള്ള ഇഴജന്തുക്കൾ കയറിയിരിക്കുന്നു. അതേസമയം, ശുദ്ധജലം ലഭ്യമല്ലാതിരുന്ന കോളനിയിൽ ഏറെനാളത്തെ മുറവിളിക്കൊടുവിലാണു ശുദ്ധജലം ലഭ്യമായത്.