കണ്ണൂർ

കണ്ണൂർ നഗരത്തിൽ നിന്ന് എംഡിഎംഎ ലഹരിമരുന്നു പിടിച്ചെടുത്ത കേസിൽ 3 പ്രതികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു

കണ്ണൂർ∙ നഗരത്തിൽ നിന്ന് എംഡിഎംഎ ലഹരിമരുന്നു പിടിച്ചെടുത്ത കേസിൽ 3 പ്രതികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. നൈജീരിയിലെ അബൂജ സ്വദേശി പ്രെയ്സ് ഓട്ടോണിയേ (22) എന്ന യുവതിയെ ബെംഗളൂരു ബനസവാടിയിൽ നിന്ന് അസിസ്റ്റന്റ് കമ്മിഷണർ പി.പി.സദാനന്ദൻ ഇന്നലെ അറസ്റ്റ് ചെയ്തു. കണ്ണൂർ സിറ്റി മരക്കാർക്കണ്ടിയിൽ ജനീസ് (30), അണ്ടത്തോട് അനുഗ്രഹയിൽ മുഹമ്മദ്‌ ജാബിർ എന്നിവരെ നർകോട്ടിക് സെൽ ഡിവൈഎസ്പി ജസ്റ്റിൻ ഏബ്രഹാം അറസ്റ്റ് ചെയ്തു. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 9 ആയി. 2 കിലോ എംഡിഎംഎ, കൊക്കെയ്ൻ, എൽഎസ്ഡി സ്റ്റാംപുകൾ തുടങ്ങി അത്യാധുനിക ലഹരി ഗുളികകൾ വരെ രണ്ടു സ്ഥലങ്ങളിലായി പൊലീസ് പിടിച്ചെടുത്തിരുന്നു.

ലഹരിമരുന്നു വ്യാപാരം നടത്തുന്ന നിസാമിന്റെ ബാങ്ക് രേഖകൾ പരിശോധിച്ചതിൽ നിന്ന് 2 ലക്ഷം രൂപ വീതം ദിവസവും നൈജീരിയൻ സ്വദേശികളായ ഷിബുസോർ, അസിഫ ടി.കെമി എന്നിവരുടെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തിരുന്നതായും കണ്ടെത്തിയിരുന്നു. ഈ അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ ബെംഗളൂരുവിലെ ബാങ്കിൽ നിന്ന് നൈജീരിയൻ സ്വദേശികളായ വിദ്യാർഥികളുടെ പേരിലാണു പണം അയയ്ക്കുന്നതെന്ന് പൊലീസ് മനസ്സിലാക്കി.

ഇവർ താമസിക്കുന്ന ബനസവാടിയിലെ വീട്ടിൽ അന്വേഷണം നടത്തിയെങ്കിലും ഷിബു സോറും അസിഫയും നൈജീരിയയിലേക്ക് മടങ്ങിയിരുന്നു. എന്നാൽ പ്രെയ്സ് പഠനം പൂർത്തിയാകാത്തതിനാൽ അതേ വീട്ടിൽ തുടരുകയായിരുന്നു. പ്രെയ്സിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 3 ദിവസം കൂടുമ്പോൾ 30,000 മുതൽ 80,000 രൂപവരെ വരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ലഹരിമരുന്ന് സംഘവുമായി ബന്ധമില്ലെന്നു പ്രെയ്സ് പറഞ്ഞെങ്കിലും ഫോണിലെ ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ വീണ്ടെടുത്തപ്പോൾ ലഹരി വ്യാപാരിയുമായി ബന്ധമുള്ളതായി മനസ്സിലാക്കി.

ലഹരി വ്യാപാരിയുമൊത്തുള്ള പ്രെയ്സിന്റെ ചിത്രവും പൊലീസിനു ലഭിച്ചിട്ടുണ്ട്. ചാലാട് കേന്ദ്രീകരിച്ച് ഓഫിസ് സംഘടിപ്പിച്ചു മയക്കുമരുന്ന് വിൽപന നടത്തിയതിനാണ് ജനീസിനെയും ജാബിറിനെയും അറസ്റ്റ് ചെയ്തത്. എസ്ഐ ചന്ദ്രശേഖരൻ, എസ്ഐ സിദ്ദിഖ്, എസ്ഐ സി.രഞ്ജിത്ത്, കെ.സജിത്, മഹിജൻ, റാഫി, എടക്കാട് എസ്ഐ മഹേഷ്‌, കണ്ണപുരം എസ്ഐ വിനീഷ്, സിപിഒമാരായ സാദിഖ്, നാസർ, ഡാൻ‌സാഫ് അംഗങ്ങളായ അജിത്ത്, മിഥുൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close