കണ്ണൂർ
വഴിയടച്ച് പട്ടാളം: 45 മിനിറ്റോളം കാത്തിരിപ്പ്, ഒടുവിൽ സ്കൂളിലേക്ക് അരി ചുമന്നു കയറ്റി കുട്ടികളും.
കണ്ണൂർ∙പട്ടാളം വഴി നൽകാത്തതിനെ തുടർന്നു സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള അരി വിതരണം ’പെരുവഴി’യിലായി. 45 മിനിറ്റോളം കാത്തിരുന്നിട്ടും വഴി തുറന്നു നൽകാൻ പട്ടാള അധികൃതർ തയാറാകാത്തതിനെത്തുടർന്ന് അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ലോറിയിൽ നിന്ന് അരിയിറക്കി ചുമടായി സ്കൂളിലേക്കെത്തിച്ചു. ഇന്നലെ 12.45 ഓടെയാണ് സപ്ലൈകോയിൽ നിന്ന് 92 ചാക്ക് അരിയുമായി ലോറി സ്കൂളിനു സമീപമെത്തിയത്. സ്കൂളിലേക്കുള്ള പ്രവേശന ഭാഗം അടച്ചതിനാൽ, കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനുള്ള പുഴക്കലരിയുമായി ലോറി സ്കൂളിനു സമീപം വഴിയരികിയിൽ നിർത്തിയിട്ടു.
വഴി നൽകില്ലെന്ന് ആവർത്തിച്ച് പട്ടാളം;
സ്കൂൾ അധികൃതർ പലവട്ടം ചർച്ച ചെയ്തെങ്കിലും വഴി നൽകില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് പട്ടാള അധികൃതർ. കഴിഞ്ഞ മാസം സ്കൂളിലേക്കുള്ള അരിയുമായെത്തിയ ലോറി മൈതാനിയിലൂടെ കടന്നു പോകാൻ പട്ടാള അധികൃതർ അനുമതി നൽകിയിരുന്നു. എന്നാൽ ഇത്തവണ അരിയുമായി ലോറി എത്തിയെങ്കിലും വേലി തുറക്കാൻ പട്ടാളം തയാറായില്ല. സ്കൂൾ പ്രിൻസിപ്പൽ ഫാ.ജോൺ ഫ്രാൻസിസ് കലക്ടറേറ്റിലെത്തി കലക്ടർ എസ്.ചന്ദ്രശേഖറിന്റെ ശ്രദ്ധയിൽപ്പെടുത്തി.
അരിയിറക്കാൻ സൗകര്യം ചെയ്യണമെന്ന് കലക്ടർ ഡിഎസ്സി കമൻഡാന്റിനോടു ഫോണിൽ അഭ്യർഥിച്ചെങ്കിലും വഴി നൽകാനാകില്ലെന്ന നിലപാട് കമൻഡാന്റ് ആവർത്തിച്ചു. ഇതോടെയാണ് സ്കൂൾ മാനേജർ ഫാ.ജോസഫ് കല്ലേപ്പള്ളിൽ, പിടിഎ വൈസ് പ്രസിഡന്റ് എൻ.ബാലകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി രാഗേഷ് ബാബു, സുനിൽ സെബാസ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് 1.30 ഓടെ ലോറിയിൽ നിന്ന് അരിയിറക്കി സ്കൂളിലേക്കെത്തിച്ചത്.
പ്രതിഷേധത്തിനൊരുങ്ങി സ്കൂൾ അധികൃതർ;
ഡിഫൻസ് ലാൻഡ് എന്ന ബോർഡ് സ്ഥാപിച്ച് 5 മാസം മുൻപാണ് ഡിഎസ്സി അധികൃതർ സ്കൂളിനു മുൻവശം മൈതാനിയുടെ 2 ഭാഗം ഇരുമ്പ് കമ്പി കൊണ്ട് മതിൽ കെട്ടി അടച്ചത്. കടുത്ത പ്രതിഷേധം ഉയർന്നെങ്കിലും നടപടിയിൽ നിന്ന് പട്ടാള അധികൃതർ പിൻവാങ്ങിയില്ല. സ്കൂളിലേക്കുള്ള വഴി തടസ്സപ്പെടുത്തില്ലെന്ന് അറിയിച്ച് ഒരു ഭാഗം വേലികെട്ടുന്നത് ഒഴിവാക്കിയിരുന്നെങ്കിലും കഴിഞ്ഞ മാസം മൈതാനിയുടെ എല്ലാ ഭാഗവും വേലികെട്ടി അടച്ചു. ഇതോടെ സ്കൂളിലേക്കുള്ള പ്രവേശനം അവതാളത്തിലായി.
2500 ഓളം കുട്ടികൾ പഠിക്കുന്ന സ്കൂളിനു മുൻവശം 150 വർഷത്തോളമായി ഉപയോഗിച്ചു വരുന്ന മൈതാനിയാണ് മുന്നറിയിപ്പില്ലാതെ പട്ടാള അധികൃതർ അടച്ചത്. വഴി തടസ്സപ്പെട്ടതായി ചൂണ്ടിക്കാട്ടി പട്ടാള നടപടിക്കെതിരെ സ്കൂൾ അധികൃതർ ഹൈക്കോടതിയെ സമീപിച്ചിരിക്കെയാണ് സ്കൂൾ പ്രവേശനം പൂർണമായും തടഞ്ഞു വീണ്ടും പട്ടാളത്തിന്റെ ഇടപെടൽ. പട്ടാള നടപടിക്കെതിരെ ബഹുജനങ്ങളെയും ജനപ്രതിനിധികളെയും അണിനിരത്തി പ്രതിഷേധം നടത്താനുള്ള ഒരുക്കത്തിലാണ് സ്കൂൾ അധികൃതർ.
സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള അരി വിതരണമാണു ’പെരുവഴി’യിലായത് സ്കൂളിനു മുൻവശത്തെ മൈതാനവും വഴിയും അടച്ചുകെട്ടി ഡിഎസ്സി അധികൃതർ