കേരളം

കുഞ്ഞുങ്ങൾക്ക് വിതരണം ചെയ്യുന്ന അമൃതം പൊടിയിൽ വിഷാംശം; എറണാകുളത്തെ അങ്കണവാടികളില്‍ വിതരണം നിര്‍ത്തി; നിർമ്മാണ യൂണിറ്റുകളിൽ പരിശോധനയ്ക്ക് നിർദേശം

കൊച്ചി: എറണാകുളം ജില്ലയിലെ അങ്കണവാടികളില്‍ അമൃതം പൊടിയുടെ വിതരണം താത്ക്കാലികമായി നിര്‍ത്തിവെച്ചു. അമൃതം പൊടിയില്‍ വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിതരണം നിര്‍ത്തിയത്. എഡിഎം എസ്.ഷാജഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭക്ഷ്യസുരക്ഷാ, കുടുംബശ്രീ, ഐസിഡിഎസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.

നിലവിൽ വിതരണം ചെയ്തിട്ടുള്ള പാക്കറ്റുകൾ പരിശോധിച്ച് റിപ്പോർട്ട് വരുന്നതുവരെ വിതരണം നി‍ർത്തിവയ്ക്കാനും പരാതിയുണ്ടായ ബാച്ചിൽ ഉൾപ്പെട്ട പാക്കറ്റുകളിൽ വിതരണം ചെയ്തവ തിരിച്ചെടുക്കണമെന്നുമാണ് നിർദേശം.

എല്ലാ അമൃതംപൊടി നിർമാണ യൂണിറ്റുകളിലും പരിശോധന നടത്തി സാംപിളുകൾ പരിശോധനയ്ക്ക് അയയ്ക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. പരിശോധനാഫലം വേഗത്തിലാക്കാൻ കാക്കനാട്ടെ റീജനൽ അനലിറ്റിക്കൽ ലാബ് അധികൃതരോടും നിർദേശിച്ചു. അമൃതം പൊടി നിർമിക്കുന്ന യൂണിറ്റുകൾ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് കുടുംബശ്രീ ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ, എടയ്ക്കാട്ടുവയലിലെ യൂണിറ്റിൽ ഉൽപാദിപ്പിച്ച അമൃതം പൊടിയിൽ കരളിലെ അർബുദം ഉൾപ്പെടെയുള്ളവയ്ക്കു കാരണമാകുന്ന അഫ്ലോടോക്സിൻ ബി1 എന്ന വിഷവസ്തു കണ്ടെത്തിയതിനെ തുടർന്നാണു നടപടി. കൊച്ചി കോർപറേഷൻ ഉൾപ്പെടെയുള്ള മേഖലകളിലെ അങ്കണവാടികളിലാണ് എടയ്ക്കാട്ടുവയൽ യൂണിറ്റിൽ നിർമിച്ച ബാച്ച് നമ്പർ 98ൽ ഉൾപ്പെട്ട അമൃതം പൊടി വിതരണം ചെയ്തത്. ഇത് അടിയന്തരമായി തിരിച്ചെടുക്കാൻ നിർദേശിച്ചു.

അമൃതം പൊടി നിർമാണ യൂണിറ്റുകളിൽ ഉടൻ തന്നെ പരിശോധന തുടങ്ങുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അസി. കമ്മിഷണർ എൻ.പി.മുരളി പറഞ്ഞു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അമൃതം പൊടി ഉൽപാദന യൂണിറ്റുകളുടെ പ്രവർത്തനം നി‍ർത്തിവച്ചതായും ഗുണനിലവാരം ഉറപ്പുവരുത്തി മാത്രമേ ഉൽപാദനം തുടരുകയുള്ളൂവെന്നും കുടുംബശ്രീ മിഷൻ ജില്ലാ കോഓർഡിനേറ്റർ എസ്.രഞ്ജിനി അറിയിച്ചു.

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close