കണ്ണൂർ

അപകടം ഒഴിയാതെ രാമപുരം – കൊത്തികുഴിച്ച പാറ റോഡ്

പഴയങ്ങാടി∙ കെഎസ്ടിപി റോഡ് രാമപുരം കൊത്തികുഴിച്ച പാറ റോഡിൽ അപകടങ്ങൾ വിട്ടൊഴിയുന്നില്ല. വളവോടു കൂടിയ കയറ്റിറക്കമുളള സ്ഥലമായതിനാൽ വാഹനങ്ങൾ പലപ്പോഴും നിയന്ത്രണം തെറ്റിയും എതിർ ദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ കാണാതെയുമാണ് ഇവിടെ അപകടങ്ങൾ സംഭവിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇന്നലെ രാവിലെ 11.45 ഓടെ നിറയെ യാത്രക്കാരുമായി പയ്യന്നൂർ ഭാഗത്ത് നിന്ന് വരുന്ന സ്വകാര്യ ബസും പഴയങ്ങാടിയിൽ നിന്ന് പിലാത്തറ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നിരുന്നു. പരുക്കേറ്റ പിലാത്തറ സ്വദേശി കാർ ഡ്രൈവർ കെ.ദാമോദരൻ (61) പയ്യന്നൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ബസിന്റെ മുൻ ഭാഗത്തും കേടുപാട് സംഭവിച്ചിരുന്നു. ബസ് യാത്രകാർക്ക് ആർക്കും പരുക്ക് പറ്റിയില്ല. യാത്രക്കാരെ മറ്റൊരു ബസിലേക്ക് മാറ്റി. വിവരമറിഞ്ഞ് പരിയാരം പൊലീസും നാട്ടുകാരുമെത്തി രക്ഷാപ്രവർത്തനം നടത്തി.

അരമണിക്കൂറോളം ഇവിടെ ഗതാഗത തടസ്സം അനുഭവപ്പെട്ടു. കാർ പരിയാരം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കെഎസ്ടിപി റോഡ് ഉദ്ഘാടനത്തിന് ശേഷം ഒട്ടേറെ അപകടങ്ങളാണ്  ഇവിടെ സംഭവിച്ചിട്ടുളളത്. റോഡിന്റെ നിർമാണ ഘട്ടത്തിൽ രൂപ രേഖയിൽ അൽപം മാറ്റം വരുത്തിയത് ഏറെ വിവാദങ്ങൾക്ക് സൃഷ്ടിച്ചിരുന്നു. എതിർ ദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ കാണുന്നതിനുളള റോഡരികിലെ  തടസ്സങ്ങൾ നീക്കം ചെയ്യാൻ ബന്ധപ്പെട്ട അധികൃതർ വേണ്ട നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close