കേരളം

കുഞ്ഞിന് മർദനമേറ്റ സംഭവം; അമ്മയും മുത്തശ്ശിയും ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് റിപ്പോര്‍ട്ട്‌

കൊച്ചി: തൃക്കാക്കരയിൽനിന്നു ഗുരുതരാവസ്ഥയിൽ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പിഞ്ചു കുഞ്ഞിന്റെ മാതാവും മുത്തശ്ശിയും ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇന്നലെ അർധരാത്രി 12 മണിയോടെ കുഞ്ഞിനെ ഐസിയുവിൽ കയറി കണ്ടശേഷം കൈ ഞരമ്പു മുറിച്ചാണ് ആത്മഹത്യാശ്രമം നടത്തിയത്. മുറിവ് എത്രത്തോളം ഗുരുതരമാണെന്നു വ്യക്തമല്ല.

ഇന്നലെ ആശുപത്രി ബിൽ അടയ്ക്കുന്നതിനു സാമ്പത്തിക ബുദ്ധിമുട്ടുള്ള കാര്യം മുത്തശ്ശി പലരോടും സംസാരിച്ചിരുന്നു. കൈവശമുള്ള സ്വർണം പണയം വച്ചാണ് നിലവിൽ ആശുപത്രി ചെലവുകൾക്കു പണം കണ്ടെത്തിയത്. കുമ്പളത്തെ ഇവരുടെ വീടു വിൽക്കുന്നതിനെക്കുറിച്ച് കുഞ്ഞിന്റെ മാതൃസഹോദരിയുടെ പങ്കാളിയുമായി സംസാരിച്ചിരുന്നു. സാമ്പത്തിക കാരണമാകാം ആത്മഹത്യാശ്രമത്തിനു പിന്നിലെന്നാണ് വിലയിരുത്തൽ.

അതേ സമയം കുഞ്ഞിന്റെ മാതൃസഹോദരിയുടെ പങ്കാളി ആന്റണി ടിജിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്നലെ ചോദ്യം ചെയ്യലിനു പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും നാടുവിടാൻ ശ്രമിച്ച ഇദ്ദേഹത്തെ പൊലീസ് പിന്തുടർന്നു പിടികൂടുകയായിരുന്നു എന്നാണ് വിവരം. കുഞ്ഞിനെ ഉപദ്രവിച്ചതു താനല്ലെന്നും കുഞ്ഞിനു തനിയെ പരിക്കേറ്റതാണെന്നും അവകാശപ്പെടുന്ന വിഡിയോ ഇദ്ദേഹം ഇന്നലെ പുറത്തു വിട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close