കണ്ണൂർ

കൈവിടരുത് ഹൃദയാലയയെ: ഹൃദയാലയ കാർഡിയോളജി വകുപ്പാക്കി; ചികിത്സാ സൗകര്യം കുറയുമോ എന്ന് ആശങ്ക.

പരിയാരം: പരിയാരം ഹൃദയാലയ, മെഡിക്കൽ കോളജിനു കീഴിലെ കാർഡിയോളജി വകുപ്പാക്കി മാറ്റിയതോടെ ചികിത്സാ സൗകര്യം കുറയുമോയെന്ന ആശങ്കയുയരുന്നു. സംസ്ഥാനത്തു മികച്ച ഹൃദയ ചികിത്സ നൽകുന്ന ആശുപത്രികളിൽ ഒന്നാണു ഹൃദയാലയ. മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്തതോടെ ഹൃദയാലയ മെഡിക്കൽ കോളജിനു കീഴിലാകുകയായിരുന്നു. ആശുപത്രി പദവി ഒഴിവാക്കി കാർഡിയോളജി വകുപ്പാക്കി മാറ്റി. നിലവിൽ ഹൃദയാലയയിൽ 200 ചികിത്സാ മുറികളും ശസ്ത്രക്രിയാ വിഭാഗവും തീവ്രപരിചരണ വിഭാഗവുമുണ്ട്. ആവശ്യത്തിന് ആരോഗ്യ പ്രവർത്തകരുമുണ്ട്. മെഡിക്കൽ കോളജിന്റെ മറ്റു വിഭാഗങ്ങളിൽ 20–25 ബെഡുകൾ മാത്രമാണുള്ളത്.

ഡോക്ടർമാരുടെ എണ്ണവും ശസ്ത്രക്രിയ സൗകര്യങ്ങളും പരിമിതമാണ്. ഹൃദയാലയ ഒരു വകുപ്പു മാത്രമായി ചുരുങ്ങിയാൽ നിലവിലെ സൗകര്യങ്ങൾ നിഷേധിക്കപ്പെടുമോ എന്നാണ് ആശങ്ക. മറ്റു സർക്കാർ മെഡിക്കൽ കോളജുകളിൽ ആരോഗ്യ –കാരുണ്യ ചികിത്സാ പദ്ധതിയിൽ ഹൃദയ ശസ്ത്രക്രിയ നടത്തണമെങ്കിൽ മാസങ്ങൾ കാത്തിരിക്കണം. എന്നാൽ പരിയാരത്ത് ഹൃദയ ചികിത്സയ്ക്ക് പ്രത്യേക ആശുപത്രിയായതിനാൽ കാലതാമസമില്ലാതെ ചികിത്സ ലഭിക്കുന്നുണ്ട്. ബെംഗളൂരു നാരായണ ഹ‍‍ൃദയാലയയുമായി സഹകരിച്ചാണ് 2003ൽ അന്നത്തെ ആശുപത്രി ചെയർമാൻ എം.വി.രാഘവൻ ഹൃദയാലയ തുടങ്ങിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close