കണ്ണൂർ
ദേശീയപാതാ വികസനം: വെട്ടിനീക്കിയ മരങ്ങൾ വഴിയരികിൽ തന്നെ.
ചാല: ദേശീയപാത വികസനത്തിന്റെ ഭാഗമായി കെട്ടിടം പൊളിക്കൽ, മരം മുറിക്കൽ എന്നിങ്ങനെയുള്ള പ്രവൃത്തി നിലവിലെ റോഡ് സുരക്ഷയെ ബാധിക്കുന്നതായി സംസ്ഥാന പാതയും ബൈപാസും കൂടിച്ചേരുന്ന താഴെചൊവ്വ–ചാല റോഡിന് പരിസരത്തെ താമസക്കാർ. റോഡ് വികസനത്തിന്റെ ഭാഗമായി മുറിച്ച മരങ്ങൾ റോഡരികിൽ തന്നെയാണു കൂട്ടിയിടുന്നത്. നടക്കാൻ വഴിയില്ലാതെ യാത്രക്കാർ റോഡിലേക്ക് ഇറങ്ങേണ്ട സ്ഥിതിയാണ്.
കൂട്ടിയിട്ടിരിക്കുന്ന തടികളിൽ വാഹനങ്ങൾ ഇടിക്കാനും സാധ്യതയുണ്ട്. ചാലക്കുന്ന് വൺവേ അരികിലുള്ള കെട്ടിടം മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചു മാറ്റുമ്പോൾ റോഡ് തകർന്നു. കുഴിയിൽ വീണ് ഇരുചക്ര വാഹന അപകടങ്ങൾ ഏറെ നടന്ന സ്ഥലത്താണ് റോഡ് തകർന്നിട്ടുള്ളത്. രാത്രികളിൽ ഡിവൈഡർ ഉണ്ടെന്നു തിരിച്ചറിയാൻ ബൈപാസിലെ ചാല അമ്പലം സ്റ്റോപ്പിൽ സ്ഥാപിച്ച സിഗ്നൽ ലൈറ്റ് തൂൺ വാഹനമിടിച്ചു തകർന്നിരുന്നു.
മാസങ്ങളായെങ്കിലും പൂർവസ്ഥിതിയിൽ ആക്കാൻ നടപടിയില്ല. ആറ് വരി ബൈപാസ് ഇതിലൂടെയാണ് കടന്നുവരുന്നതെന്നതെന്നും അതുകൊണ്ടാണ് പൂർവസ്ഥിതിയിൽ ആക്കാത്തതെന്നുമാണ് മറുപടി. 2012 ൽ ചാലയിൽ നടന്ന പാചകവാതക ടാങ്കർ ദുരന്തം ഈ ഡിവൈഡറിൽ ടാങ്കർ ലോറി ഇടിച്ചു മറിഞ്ഞതിനെ തുടർന്നായിരുന്നു. ഇന്നലെ ചാല സ്റ്റേഷൻ സ്റ്റോപ്പിലെ മരം മുറിക്കുമ്പോൾ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു മുകളിൽ വീണു ഷെൽട്ടർ തകർന്നു. മരങ്ങൾ മുറിച്ചതോടെ തണൽ തീരെയില്ലാത്ത സാഹചര്യമാണ്.
ഇപ്പോൾ യാത്രക്കാർക്കു പൊരിവെയിലത്തു ബസ് കാത്തിരിക്കേണ്ട അവസ്ഥയാണ്.അടുത്ത ദിവസം മുതൽ തന്നെ വൈദ്യുതി തൂണുകൾ മാറ്റുന്ന പ്രവൃത്തിയും തുടങ്ങുമെന്നാണ് അറിയുന്നത്. തൂണുകളോടൊപ്പം തെരുവു വിളക്കുകളും മാറ്റേണ്ടി വരും. റോഡിൽ കൂരിരുട്ട് കൂടിയാകുന്നതു യാത്രാ ദുരിതം വർധിപ്പിക്കും. 2024 ന് ശേഷമാണ് ബൈപാസ് പൂർത്തിയാകുക എന്നാണ് ഇപ്പോഴത്തെ പ്രഖ്യാപനം. അതുവരെ റോഡ് സുരക്ഷ വേണ്ടേ എന്നാണ് ജനത്തിന്റെ ചോദ്യം.