കേരളം

സഹോദരിയുടെ വിവാഹത്തിനു വായ്പ കിട്ടിയില്ല; യുവാവ് തൂങ്ങിമരിച്ചു.

തൃശ്ശൂർ: വിവാഹത്തിന് ആഭരണങ്ങളെടുക്കാൻ അമ്മയെയും സഹോദരിയെയും ജൂവലറിയിലിരുത്തി മടങ്ങിയ യുവാവ് വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ. ബാങ്ക് വായ്പ കിട്ടാത്തതിനെത്തുടർന്നുള്ള മാനസികവിഷമത്താലാണ് ആത്മഹത്യയെന്നാണ് നിഗമനം. തൃശ്ശൂർ ഗാന്ധിനഗർ കുണ്ടുവാറയിൽ പച്ചാലപ്പൂട്ട് വീട്ടിൽ വിപിൻ (25) ആണ് മരിച്ചത്. സഹോദരിയുടെ വിവാഹാവശ്യങ്ങൾക്കായി ബാങ്കിൽനിന്ന് വായ്പ തേടിയിരുന്നു.

മൂന്നുസെന്റ് ഭൂമി മാത്രമേയുള്ളൂവെന്നതിനാൽ എവിടെനിന്നും വായ്പ കിട്ടിയില്ല. തുടർന്ന്, പുതുതലമുറ ബാങ്കിൽനിന്ന് വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. കഴിഞ്ഞദിവസം വായ്പ അനുവദിച്ചെന്ന അറിയിപ്പിനെത്തുടർന്ന് വിവാഹത്തിന് സ്വർണമെടുക്കാനായി അമ്മയെയും സഹോദരിയെയും കൂട്ടി ജൂവലറിയിലെത്തുകയായിരുന്നു. ആഭരണങ്ങളെടുത്തശേഷം, പണവുമായി ഉടനെത്താമെന്നറിയിച്ച് വിപിൻ പോയി.

എന്നാൽ, വായ്പ അനുവദിക്കാനാകില്ലെന്ന് ബാങ്കിൽനിന്ന് പിന്നീട് അറിയിപ്പ് കിട്ടി. ജൂവലറിയിൽ ഏറെനേരം കാത്തിരുന്നിട്ടും വിപിനെ കാണാതായതോടെ അമ്മ ബേബിയും സഹോദരി വിദ്യയും വീട്ടിലെത്തിയപ്പോഴാണ് വിപിനെ മരിച്ചനിലയിൽ കണ്ടത്.

സൂപ്പർ മാർക്കറ്റിൽ ജോലിയുണ്ടായിരുന്ന വിപിന് കോവിഡ്കാലത്ത് അത് നഷ്ടപ്പെട്ടതാണ്. മരപ്പണിക്കാരനായിരുന്ന അച്ഛൻ വാസു അഞ്ചുകൊല്ലംമുമ്പ് മരിച്ചു. കുറച്ചുനാൾമുമ്പ് നിശ്ചയിച്ച വിവാഹമായിരുന്നു വിപിന്റെ സഹോദരിയുടേത്. സാമ്പത്തികപ്രതിസന്ധി കാരണം നീട്ടിവെക്കുകയായിരുന്നു. അടുത്ത ഞായറാഴ്ചയാണ് സഹോദരിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close