കണ്ണൂർ
പഴയങ്ങാടിയിൽ ടാങ്കർലോറി കടയിലേക്ക് ഇടിച്ചുകയറി
പഴയങ്ങാടി : പാചകവാതകവുമായി മംഗളൂരുവിൽനിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കർലോറി കടയിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ ടാങ്കർലോറി ഡ്രൈവർ ഡിണ്ടിഗൽ മധുരമീനാക്ഷി നഗറിലെ ഈശ്വരന് (46) പരിക്കേറ്റു. എരിപുരം ട്രാഫിക് സർക്കിളിന് സമീപം തിങ്കളാഴ്ച രാത്രി 10.15-നാണ് അപകടം.
ട്രാഫിക് ജങ്ഷനിലെ ഒരുഭാഗത്തുനിന്ന് വരികയായിരുന്ന കാറുമായി ഇടിക്കുന്നത് തടയാനായി ശ്രമിച്ചപ്പോഴാണ് ടാങ്കർലോറി റോഡരികിലെ കടയിലേക്ക് ഇടിച്ചുകയറിയത്. കാർയാത്രക്കാർക്ക് നിസ്സാരപരിക്കേറ്റിട്ടുണ്ട്. വാതകചോർച്ചയില്ലാത്തതിനാലും രാത്രി കടയടച്ച സമയമായതിനാലും വൻദുരന്തം ഒഴിവായി. പയ്യന്നൂരിൽനിന്നെത്തിയ അഗ്നിരക്ഷാസേനയും പഴയങ്ങാടി പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.