കണ്ണൂർ
തീരദേശത്ത് 2820 മീറ്റർ നീളത്തിൽ കടൽഭിത്തി; വേഗത്തിൽ പൂർത്തിയാക്കണമെന്ന് നാട്ടുകാർ.
മാട്ടൂൽ: തീരദേശമേഖലയിൽ 2820 മീറ്റർ നീളത്തിൽ നിർമിക്കുന്ന കടൽഭിത്തിയുടെ നിർമാണം പെട്ടെന്ന് പൂർത്തിയാക്കണമെന്നാവശ്യം ശക്തമാകുന്നു. 16 കോടി രൂപ ചെലവിൽ തീരദേശവാസികളുടെ സുരക്ഷിതത്വത്തിനും വിനോദ സഞ്ചാരത്തിനുമായാണ് പദ്ധതി നടപ്പിലാക്കുന്നത്. കടൽ ഭിത്തി നിർമാണത്തിനാവശ്യമായ കരിങ്കല്ലുകൾ ഇവിടെ ഇറക്കി വച്ചിട്ടുണ്ടെങ്കിലും നിർമാണം തുടങ്ങാനാവശ്യമായ സാധന സാമഗ്രികൾ ഇനിയും ഏറെയെത്താനുണ്ട്.
ഇതാണ് ഇപ്പോഴത്തെ പ്രശ്നവും. മാട്ടൂൽ സൗത്ത് 297 മീറ്റർ, സെൻട്രൽ 365 മീറ്റർ, ബാവു വളപ്പ് 798 മീറ്റർ, കക്കാടൻ ചാൽ 218 മീറ്റർ, നീരൊഴുക്കും ചാൽ 892 മീറ്റർ, പുതിയങ്ങാടി 250 മീറ്റർ എന്നിങ്ങനെയാണ് കടൽ ഭിത്തി നിർമിക്കേണ്ടത്. മാട്ടൂൽ, മാടായി പഞ്ചായത്തുകളിലെ തീരദേശവാസികളുടെ ഏറെ കാലത്തെ ആഗ്രഹമാണ് ഇവിടെ കടൽ ഭിത്തി നിർമിക്കുകയെന്നുളളത്.