കണ്ണൂർ
രാത്രി 8 മണി കഴിഞ്ഞ് കണ്ണൂർ നഗരത്തിലെത്തിയതാണോ നിങ്ങൾ?; ശ്രദ്ധിക്കുക, ബസ് കിട്ടിയാൽ ഭാഗ്യം !
കണ്ണൂർ: വീട്ടിലേക്കോ മറ്റ് എവിടേക്ക് എങ്കിലുമോ ബസിൽ പോകാനായി രാത്രി 8 മണി കഴിഞ്ഞ് കണ്ണൂർ നഗരത്തിലെത്തിയതാണോ നിങ്ങൾ? പോകാനുള്ള ബസ് കിട്ടിയാൽ നിങ്ങളുടെ ഭാഗ്യമെന്നു കരുതിക്കോളൂ. രാത്രി 8 മണി കഴിഞ്ഞാൽ കണ്ണൂരിൽ നിന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് ബസില്ലാത്തതിനാൽ വലയുകയാണ് യാത്രക്കാർ.
കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് രാത്രി 10നു പുറപ്പെട്ട് തലശ്ശേരി-കൂത്തുപറമ്പ് വഴി ഊട്ടിയിലേക്കു പോയിരുന്ന തമിഴ്നാട് സർക്കാരിന്റെ ബസ് കണ്ണൂർ നഗരത്തിൽ നിന്ന് തലശ്ശേരി-കൂത്തുപറമ്പ് ഭാഗത്തേക്ക് പോകുന്നവർക്ക് ഏറെ ആശ്വാസമായിരുന്നു. ഊട്ടിയിലേക്ക് പോകുന്ന ബസായിരുന്നെങ്കിലും തലശ്ശേരി-കൂത്തുപറമ്പ് ഭാഗങ്ങളിലേക്കു പോകേണ്ടവരായിരുന്നു ഏറെയും. നഗരത്തിലെ വ്യാപാരികൾക്കും രാത്രി 9നു ശേഷം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങുന്നവർക്കും ഏറെ അനുഗ്രഹമായിരുന്നു ഈ ബസ്. കാസർകോട് നിന്ന് രാത്രി 9നു പുറപ്പെട്ട് രാത്രി 12നു കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയിൽ എത്തി കോഴിക്കോട് വിമാനത്താവളത്തിലേക്ക് ബൈപാസ് വഴി സർവീസ് നടത്തിയിരുന്ന കാസർകോട് കരിപ്പൂർ കെഎസ്ആർടിസി ബസും കോവിഡ് തുടങ്ങിയതോടെ ഓട്ടം നിർത്തിയിരുന്നു. ഈ ബസും പുനഃസ്ഥാപിച്ചിട്ടില്ല. കോഴിക്കോട് ഭാഗത്തു നിന്ന് രാത്രി 11.30നു ശേഷം കണ്ണൂർ നഗരത്തിൽ എത്തി കാസർകോട് ഭാഗത്തേക്ക് പോയിരുന്ന കെഎസ്ആർടിസി ബസും ഇപ്പോൾ ഇല്ല.
ദീർഘദൂര സർവീസ് ആയിരുന്നെങ്കിലും എല്ലാ സ്ഥലങ്ങളിലും നിർത്തി യാത്രക്കാരെ കയറ്റിയും ഇറക്കിയും ഓടിയിരുന്ന ഈ കെഎസ്ആർടിസി ബസുകൾ പുനഃസ്ഥാപിച്ചാൽ നഗരത്തിൽ നിന്നു വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രാ ദുരിതം പരിധി വരെ പരിഹരിക്കപ്പെടും. ലോക്ഡൗണിനു ശേഷം പകലും രാത്രിയും ഒരുപോലെ യാത്രാദുരിതമുള്ള റൂട്ടാണ് കണ്ണൂർ–തോട്ടട–തലശ്ശേരി റൂട്ട്. സ്വകാര്യ ബസുകൾ നാലിലൊന്നായി കുറഞ്ഞതും ഉണ്ടായിരുന്ന കെഎസ്ആർടിസി ബസുകൾ പിൻവലിഞ്ഞതും റൂട്ടിലെ യാത്രാക്ലേശം രൂക്ഷമാക്കിയിട്ടുണ്ട്. ഓടുന്ന ചുരുക്കം ബസുകളിൽ കയറി പറ്റാൻ സ്ത്രീകളും വിദ്യാർഥികളും നടത്തുന്ന ശ്രമം കാഴ്ചയാണ്. രാത്രി 7.30നു ശേഷം കണ്ണൂർ നഗരത്തിൽ നിന്ന് തോട്ടട വഴി തലശ്ശേരിയിലേക്കു മിക്കവാറും ഒരു സ്വകാര്യ ബസ് മാത്രമാണ് സർവീസ് നടത്തുന്നത്.