കണ്ണൂർ

കിടത്തി ചികിത്സയും വിദഗ്ധ ഡോക്ടർമാരും ഇല്ല, ഇതും ഒരു ആശുപത്രി!

പെരിങ്ങോം ∙ കിടത്തി ചികിത്സയും വിദഗ്ധ ഡോക്ടർമാരുടെ സേവനവും മുടങ്ങിയ പെരിങ്ങോം താലൂക്ക് ആശുപത്രിയോട് അധികൃതർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് പ്രദേശവാസികൾ. 10 വർഷം മുൻപ് താലൂക്ക് ആശുപത്രിയായി ഉയർത്തിയ ആശുപത്രിയിൽ കിടത്തി ചികിത്സ പേരിന് മാത്രമായിരുന്നു. മലയോര മേഖലകളിൽ നിന്നും ചികിത്സ തേടിയെത്തുന്ന രോഗികൾ നിരാശയോടെ മടങ്ങുന്നത് പതിവാണ്. വൈകിട്ട് 6 കഴിഞ്ഞാൽ ആശുപത്രി പൂർണമായും അടച്ചിടുന്ന നിലയിലാണ്.

പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള ആശുപത്രിയുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ ജനപ്രതിനിധികളും താൽപര്യമെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജ നേരിട്ടെത്തി ശിലാസ്ഥാപനം നിർവഹിച്ച ആശുപത്രി സമുച്ചയത്തിന്റെ ശിലാഫലകം പോലും കാണാനില്ല. 12 കോടി അനുവദിച്ചതായി മന്ത്രി പ്രഖ്യാപനവും നടത്തിയിരുന്നു.

ആശുപത്രി നോട്ടിസ് ബോർഡിൽ മെഡിക്കൽ ഓഫിസർ ഉൾപ്പെടെ 9ൽപ്പരം ഡോക്ടർമാരുടെ പേരുണ്ടെങ്കിലും സേവനം ലഭിക്കുന്നത് ഒന്നോ, രണ്ടോ പേരിൽനിന്ന് മാത്രം. മെഡിസിൻ വിഭാഗത്തിൽ യോഗ്യരായ ഡോക്ടർമാരുടെ സേവനം താലൂക്ക് ആശുപത്രിയിൽ ലഭ്യമല്ല. പുതിയ തസ്തിക സൃഷ്ടിച്ച് ഗൈനക്കോളജിസ്റ്റിനെ നിയമിച്ചുവെങ്കിലും ചുമതലയേറ്റ ദിവസം തന്നെ ട്രാൻസ്ഫർ വാങ്ങി പോയി.

കിടത്തി ചികിത്സയ്ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ആശുപത്രി വികസന സമിതി ഒരുക്കിയെങ്കിലും ഒരാളെ പോലും കിടത്താൻ അധികൃതർ തയാറാകുന്നില്ല. മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെയും, വിവിധ കേസുകളിൽ അറസ്റ്റ് ചെയ്യുന്ന പ്രതികളുടേയും പരിശോധന നടത്താൻ ചെറുപുഴയിൽ നിന്ന് 35 കിലോമീറ്ററും, പെരിങ്ങോത്ത് നിന്ന് 20 കിലോമീറ്ററും സഞ്ചരിച്ചാണ് പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ എത്തുന്നത്. മദ്യപരെ പിടികൂടിയാൽ രക്ത സാമ്പിളുകൾ പരിശോധിക്കണമെന്ന ഹൈക്കോടതി ഉത്തരവാണ് പൊലീസിന് വിനയാകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close