കണ്ണൂർ

ശുചിമുറി അന്വേഷിച്ചെത്തി, തുറന്നുകിടന്ന ഡക്റ്റ് ഏരിയയിൽ നിന്നു താഴേക്കു വീണു; വീട്ടമ്മയ്ക്കു പരുക്ക്

തലശ്ശേരി ∙ നഗരസഭ വക ഷോപ്പിങ് കോംപ്ലക്സിലെ ഒന്നാം നിലയിൽ ശുചിമുറി അന്വേഷിച്ചെത്തിയ മധ്യവയസ്ക ഇരുട്ടിൽ ഒന്നാം നിലയിലെ തുറന്നുകിടന്ന ഡക്റ്റ് ഏരിയയിൽ നിന്നു താഴേക്കു വീണു. ചെന്നൈ അയ്യപ്പാക്കത്തെ ലതിക (58) ആണു വീണത്. വലതുകാൽ എല്ല് പൊട്ടിയ ഇവരെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്‌ത്രക്രിയയ്ക്കു വിധേയയാക്കി. ഇന്നലെ വൈകിട്ടാണ് സംഭവം. കതിരൂർ പുല്ല്യോട്ടെ സഹോദരൻ സോമസുന്ദരത്തിന്റെ വീട്ടിൽ കുടുംബസമേതം എത്തിയതായിരുന്നു ഇവർ. ഇന്നു തിരികെ പോകുന്നതിനു മുന്നോടിയായി ടൗണിൽ നിന്നു സാധനങ്ങൾ വാങ്ങാനെത്തിയതായിരുന്നു.

ശുചിമുറി അന്വേഷിച്ചെത്തിയ ഇവർ ലേഡീസ് ടോയ്‌ലറ്റ് എന്നതു കണ്ടു ചെല്ലുകയും ചാരിയ വാതിൽ തുറന്നു കാൽ എടുത്തു വച്ചപ്പോഴേക്കും താഴേക്കു വീഴുകയുമായിരുന്നു. ഉള്ളിൽ കുടുങ്ങിയ ഇവർ വാതിലിൽ മുട്ടുന്നതു കേട്ടു വ്യാപാര സമുച്ചയ വരാന്തയിലുണ്ടായിരുന്ന യുവാക്കൾ വാതിൽ തുറന്നു കൊടുത്താണ് ഇവരെ പുറത്തെത്തിച്ചത്. ഇവിടെ അപായ സൂചനകൾ ഇല്ലാത്തതും ശുചിമുറി പരിസരത്തെ ഇരുട്ടുമാണ് അപകടത്തിനിടയാക്കിയത്. മുൻപും ഇവിടെ അപകടം ഉണ്ടായതായി ആളുകൾ പറഞ്ഞു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close