കണ്ണൂർ

കസ്റ്റംസ് പരിശോധന കഴിഞ്ഞ് ഇറങ്ങും, പക്ഷേ പൊലീസിന്റെ കയ്യിൽ കുടുങ്ങും; 3 മാസത്തിനിടെ പിടികൂടിയത് 1.74 കോടി രൂപയുടെ സ്വർണം

മട്ടന്നൂർ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധന കഴിഞ്ഞ് ഇറങ്ങുന്ന യാത്രക്കാരിൽ നിന്ന് എയർപോർട്ട് പൊലീസ് സ്വർണം പിടികൂടുന്നത് പതിവാകുന്നു. 3 മാസത്തിനിടയിൽ 4 തവണയായി 1.74 കോടി രൂപ വിലമതിക്കുന്ന സ്വർണം എയർപോർട്ട് പൊലീസ് പിടികൂടി. വിമാനത്താവളം പ്രവർത്തനം തുടങ്ങിയതിനു ശേഷം കഴിഞ്ഞ ജൂൺ 11ന് ആണ് കസ്റ്റംസ് പരിശോധന കഴിഞ്ഞ് ഇറങ്ങിയ യാത്രക്കാരനിൽ നിന്ന് ആദ്യമായി എയർ പോർട്ട് പൊലീസ് സ്വർണം പിടികൂടുന്നത്.

38 ലക്ഷം രൂപ വില മതിക്കുന്ന 728 ഗ്രാം സ്വർണമാണ് അന്ന് പിടികൂടിയത്. തുടർന്ന് ഓഗസ്റ്റ് 18ന് 10 ലക്ഷം രൂപ വിലമതിക്കുന്ന 202 ഗ്രാം സ്വർണവും സെപ്റ്റംബർ 2ന് 74.48 ലക്ഷം രൂപ വിലമതിക്കുന്ന 1425 ഗ്രാം സ്വർണവും കഴിഞ്ഞദിവസം 51.54 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കിലോ സ്വർണവും പിടികൂടി. സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോയുടെ നിർദേശ പ്രകാരം എയർപോർട്ട് ഇൻസ്പെക്ടർ എ.കുട്ടി ക്കൃഷ്ണന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.

എയർപോർട്ട് കസ്റ്റംസിൽ മതിയായ ജീവനക്കാർ ഇല്ലെന്നാണു വിവരം. ഉള്ള ജീവനക്കാരെ ഉപയോഗപ്പെടുത്തി 2 ഷിഫ്റ്റുകളിലായി 24 മണിക്കൂറും ഡ്യൂട്ടിയിൽ ഉദ്യോഗസ്ഥർ ഉണ്ടാകും. സംശയം തോന്നുന്നവരെ മാത്രമാണ് വിശദ പരിശോധന നടത്തുന്നത്. വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധന ഫലപ്രദമായ രീതിയിൽ നടക്കുന്നില്ലെന്ന ആരോപണം ഉയരുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close