കേരളം

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പിൽ കേരളം മറ്റ് സംസ്ഥാനങ്ങളേക്കാൾ ഏറെ മുന്നിൽ

തിരുവനന്തപുരം :   വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പിൽ കേരളം മറ്റ് സംസ്ഥാനങ്ങളേക്കാൾ ഏറെ മുന്നിൽ. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിർവഹണ പുരോഗതി വിലയിരുത്താൻ ചേർന്ന ദിശ യോഗത്തിലാണ് വിലയിരുത്തൽ. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടെ കേരളം മിന്നുന്ന പ്രകടനം കാഴ്ച വെച്ച് ഒന്നാം സ്ഥാനത്താണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

യോഗത്തിൽ ദിശ സംസ്ഥാനതല സമിതിയുടെ കോ ചെയർമാനായ തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് പദ്ധതിയിലെ സ്ത്രീ പങ്കാളിത്തത്തിൽ കേരളം രാജ്യത്ത് ഒന്നാമതാണെന്നാണ് കണക്കുകൾ.

കേരളത്തിലെ സ്ത്രീ പങ്കാളിത്തം 89.42%മായി ഉയർന്ന് നിൽക്കുമ്പോൾ ദേശീയ ശരാശരി 54.7 ശതമാനം മാത്രമാണ്. ഈ വർഷം മാത്രം 2,474 കോടി രൂപ സ്ത്രീകളുടെ കൈകളിൽ എത്തിക്കാൻ പദ്ധതിയിലൂടെ കഴിഞ്ഞു. പട്ടികവർഗ കുടുംബങ്ങൾക്ക് 100 തൊഴിൽ ദിനം നൽകുന്ന കാര്യത്തിലും കേരളം ഒന്നാമതാണ്.

ദേശീയ തലത്തിൽ 12 ശതമാനമായി നിൽക്കെ കേരളത്തിലിത് 40 ശതമാനമാണ്. പട്ടികജാതി കുടുംബങ്ങൾക്ക് 100 തൊഴിൽ ദിനങ്ങൾ നൽകുന്ന കാര്യത്തിൽ കേരളം ദേശീയതലത്തിൽ രണ്ടാമതാണ്. ദേശീയതലത്തിലെ നിരക്ക് 48 ശതമാനമായിരിക്കെ കേരളത്തിൽ ഇത് 67 ശതമാനമാണ്. തൊഴിലാളികൾക്ക് വേതനം സമയബന്ധിതമായി വിതരണം ചെയ്യുന്ന ആദ്യ നാല് സംസ്ഥാനങ്ങളിൽ കേരളമുണ്ട്.

99.55 ശതമാനം പേർക്കും കേരളം വേതനം കൃത്യസമയത്ത് ലഭ്യമാക്കി. ഈ സാമ്പത്തിക വർഷത്തിലെ ആദ്യ രണ്ട് മാസത്തിൽ തന്നെ 54 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച് കേരളം മികച്ച പ്രകടനവുമായി മുന്നോട്ട് കുതിക്കുകയാണ്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close