കേരളം

സൈലന്റ് വാലിയിൽ കാണാതായ ഫോറസ്റ്റ് വാച്ചര്‍ രാജന് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ തീരുമാനം

പാലക്കാട് :   സൈലന്റ് വാലി സൈരന്ധ്രി വനത്തില്‍ കാണാതായ ഫോറസ്റ്റ് വാച്ചര്‍ രാജന് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ പൊലീസിന്റെ തീരുമാനം. രാജന് വേണ്ടിയുളള അന്വേഷണം പൊലീസ് തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചു. രാജന്റെ തിരോധാനത്തില്‍ ദുരൂഹത സംശയിക്കുന്നതായി സഹോദരി സത്യഭാമ പറഞ്ഞു

 

കാടിനെ നന്നായി അറിയാവുന്ന ഊടുവഴികളും അപകടക്കുഴികളും വന്യമൃഗങ്ങളുടെ സഞ്ചാരപാതയുമെല്ലാം മനപാഠമായ രാജന് അപകടമൊന്നും സംഭവിച്ചിരിക്കില്ലെന്ന് തന്നെയാണ് വനംവകുപ്പിന്റെയും പൊലീസിന്റെയും നിഗമനം. ഈ സാഹചര്യത്തിലാണ് തമിഴ്‌നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചത്.

അടുത്ത ദിവസം തന്നെ രാജന്റെ ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കും. വനത്തോട് ചേര്‍ന്ന തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ നോട്ടീസ് പതിപ്പിക്കുന്നതിലൂടെ ഫലമുണ്ടാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

രാജന്റെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്ന് ഉറപ്പിക്കുകയാണ് കുടുംബം. സാമ്പത്തിക ബുദ്ധിമുട്ടോ മറ്റ് പ്രയാസങ്ങളോ ഇല്ലാത്ത രാജന്‍ സ്വയം നിശ്ചയിച്ച് നാട് വിടില്ലെന്നാണ് സഹോദരി സത്യഭാമ പറയുന്നത്.

സഹോദരന്റെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്നും വനംവകുപ്പ് തിരച്ചില്‍ അവസാനിപ്പിക്കരുതെന്നും സത്യഭാമ  പറഞ്ഞു.

വനത്തിലെ തിരച്ചില്‍ ഫലംകാണുന്നില്ലെന്ന് തിരിച്ചറിയുന്ന വനംവകുപ്പ് പൂര്‍ണ്ണതോതിലുളള തിരച്ചില്‍ തുടരണമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനത്തിലെത്തും. കഴിഞ്ഞ 15 ദിവസമായി 150 ഓളം പേരാണ് സൈരന്ധ്രി വനത്തില്‍ രാജന് വേണ്ടി തിരച്ചില്‍ നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close