കണ്ണൂർ

വേനലിലും ജലസമൃദ്ധമായി ചന്ദ്രനെല്ലൂർ ഭഗവതി മഹാവിഷ്ണു ക്ഷേത്രക്കുളം

കണ്ണൂർ : കടുത്ത വേനലിലും ഒരു നാടിന്റെ കുടിവെള്ള സ്രോതസ്സായി പെരിങ്ങോം – വയക്കര ഗ്രാമപഞ്ചായത്തിലെ ചന്ദ്രവയലിലെ ചന്ദ്രനെല്ലൂർ ഭഗവതി മഹാവിഷ്ണു ക്ഷേത്രക്കുളം.

ഐതിഹ്യങ്ങളാൽ സമ്പന്നമായ ചന്ദ്രനെല്ലൂർ ഭഗവതി ക്ഷേത്രക്കുളത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലകളാൽ ചുറ്റപ്പെട്ട ചന്ദ്രവയലിലെ ജലസ്രോതസ്സുകൾ ഒഴുകിയെത്തുന്നത് ഈ കുളത്തിലേക്കാണ്. കേരളത്തിലെ പ്രബലമായ കാളകാട്ട് ഇല്ലത്തിന്റെ 700 ഏക്കറോളം വരുന്ന സ്ഥലത്തിന്റെ ഒത്ത നടുവിലാണ് ഈ കുളം. ഉത്തരകേരളത്തിലെ അപൂർവങ്ങളായ തെയ്യങ്ങൾ കെട്ടിയാടുന്ന ചന്ദ്രനെല്ലൂർ ഭഗവതി ക്ഷേത്രക്കുളവുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളും നിലനിൽക്കുന്നുണ്ട്.

ശുദ്ധജലത്താൽ സമ്പന്നമെങ്കിലും നാശത്തിന്റെ വക്കിലാണ് ഇന്ന് ഈ കുളം. അഞ്ച് സെന്റിലായി സ്ഥിതി ചെയ്യുന്ന കുളത്തിന്റെ മൂന്ന് ഭാഗത്ത് നിന്നും ഇറങ്ങാനുള്ള കൽപ്പടവുകളുണ്ട്. വെള്ളം കുറയുന്നതനുസരിച്ച് കുളിക്കാനും വസ്ത്രം മാറാനുമായി താഴെത്തേപ്പടി വരെയെത്തുന്ന കുളിപ്പുര. ഒത്ത നടുവിലായി ഒരു കിണർ. വംശനാശം സംഭവിക്കാത്ത അനേകം മത്സ്യങ്ങൾ. നാട് മുഴുവൻ വറ്റിവരണ്ടാലും ഇവിടെ ജലസ്രോതസ്സ് നിലനിൽക്കുമെന്നാണ് പഴമക്കാർ പറയുന്നത്. അടിവശം നെല്ലിപ്പലകകൾ പാകിയ കുളത്തിന്റെ മധ്യത്തിൽ ആഴമേറിയ കിണറുണ്ട്.

കാലപ്പഴക്കത്താൽ കൽപ്പടവുകൾ ഇടിഞ്ഞു നാശത്തിന്റെ വക്കിലാണ് ഈ ജലസ്രോതസ്സ്. വനലിൽ നിലയ്ക്കാത്ത ഈ നീരുറവ സംരക്ഷിച്ച് നിലനിർത്തണമെന്നാണ് നാടിന്റെ ആവശ്യം. സമീപ പ്രദേശത്തെ നൂറോളം കുടുംബങ്ങൾക്ക് കുടിനീര് നൽകാനും താഴ്ന്നു വരുന്ന ഭൂഗർഭ ജലനിരപ്പ് ഉയർത്തിക്കൊണ്ടു വരാനും ഈ കുളത്തിനു കഴിയും. പുരാതനമായ ഈ കുളം നവീകരിക്കാൻ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് ചന്ദ്രനെല്ലൂർ ക്ഷേത്രം പ്രസിഡൻറ് ജില്ലാ കളക്ടർക്ക് നിവേദനം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close