കണ്ണൂർ
നിലവിലുള്ള ബോട്ട്ജെട്ടി തകർച്ചയിൽ; മാട്ടൂൽ സൗത്തിലെ ബോട്ട് ജെട്ടി താൽക്കാലികമായി തുറന്നു
മാട്ടൂൽ ∙ സൗത്തിൽ നിലവിലുളള ബോട്ട് ജെട്ടി അപകടത്തിലായതോടെ പുതുതായി നിർമിക്കുന്ന ബോട്ട് ജെട്ടി ഉദ്ഘാടനത്തിന് മുൻപ് താൽക്കാലികമായി തുറന്ന് കൊടുത്തു. മാട്ടൂൽ നിന്ന് അഴീക്കൽ ഭാഗത്തേക്കുളള ബോട്ട് സർവീസിന്റെ തെക്കു ഭാഗത്തെ ബോട്ട് ജെട്ടി ആണ് യാത്രക്കാരുടെ ജീവന് തന്നെ ഭീഷണി ഉയർത്തിയത്. മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായാണ് മാട്ടൂൽ സൗത്തിൽ ബോട്ട് ജെട്ടി നിർമാണം പൂർത്തിയായി വരുന്നത്.
നിലവിലുളള പലകകളും തെങ്ങിൻ കുറ്റികളും ഉപയോഗിച്ച് നിർമിച്ച താൽക്കാലിക ബോട്ട് ജെട്ടിയിൽ ബോട്ട് അടുപ്പിക്കാൻ കഴിയാത്ത അവസ്ഥയാണ്. ബോട്ട് കരയ്ക്ക് അടുക്കുന്നതിന് മുൻപ് ബോട്ട് ജെട്ടി ആടി ഉലയുന്നത് ഏറെ ഭീതി പടർത്തുന്ന അവസ്ഥയാണ്. ഇതേ തുടർന്നാണ് ഉദ്ഘാടനത്തിന് കാത്ത് നിൽക്കാതെ ബോട്ട് ജെട്ടി തുറന്ന് കൊടുത്തത്. താൽക്കാലിക ബോട്ട് ജെട്ടി അപകടാവസ്ഥയിൽ ഉളളത് മലയാള മനോരമ വാർത്ത നൽകിയിരുന്നു.