കണ്ണൂർ

മുപ്പത്തൂർ പുഴയിലെ റഗുലേറ്റർ; ഷട്ടർ പലക പൊട്ടി പുഴവെള്ളം പാഴാകുന്നു

ചിറ്റാരിപ്പറമ്പ് ∙ പഞ്ചായത്തിലെ മുപ്പത്തൂർ പുഴയ്ക്ക് കുറുകെ നിർമിച്ച റഗുലേറ്ററിന്റെ ഷട്ടർ പലക പൊട്ടിയതിനാൽ പുഴ വെള്ളം കുത്തി ഒലിച്ച് പാഴാകുന്നു. മാലൂർ – ചിറ്റാരിപ്പറമ്പ് പഞ്ചായത്തുകളിൽ വേനൽക്കാലത്തെ കൃഷിക്കും കുടിവെള്ള ക്ഷാമത്തിനും പരിഹാരം കാണാനാണ് മുടപ്പത്തൂർ പുഴയ്ക്ക് കുറുകെ റഗുലേറ്റർ നിർമിച്ചത്. കാർഷിക മേഖലയുടെ സമഗ്ര വികസനത്തിന് വേണ്ടിയാണ് ചെറുകിട ജലസേചന വകുപ്പ് ഒന്നര കോടി ചെലവിട്ട് മുടപ്പത്തൂർ പുഴയ്ക്ക് കുറുകെ റഗുലേറ്റർ നിർമിച്ചത്. പുഴയ്ക്ക് കുറുകെ 52 മീറ്റർ നീളത്തിൽ പണിത റഗുലേറ്ററിന്റെ നിർമാണം 2014-ലാണ് പൂർത്തിയായത്.

പുഴയിലെ വെള്ളം താഴുമ്പോൾ റഗുലേറ്ററിനു ഷട്ടർ ഇടുകയും മഴക്കാലം തുടങ്ങുമ്പോൾ ഷട്ടർ മാറ്റുകയുമാണ് പതിവ്. എന്നാൽ നിലവിലുള്ള ഷട്ടറുകൾ പലതും ദ്രവിച്ചതിനാൽ പുഴയിലെ വെള്ളം തടഞ്ഞു നിർത്താൻ കഴിയുന്നില്ല. കാലപ്പഴക്കം കൊണ്ട് ദ്രവിച്ച നിലയിലുള്ള മരപ്പാളികൾ ഉപയോഗിച്ചതാണ് ഷട്ടർ തകരാൻ കാരണമായത് എന്നാണ് നാട്ടുകാർ ആരോപിക്കുന്നു. ഷട്ടറിനായി ഉപയോഗിച്ച മരപ്പാളികൾ പലതും ദ്രവിച്ച് ഏത് സമയത്തും പൊട്ടാവുന്ന നിലയിലാണ്. പ്രളയകാലത്ത് പല സ്ഥലങ്ങളിൽ നിന്നായി കടപുഴകി പുഴയിൽ വീണ വലിയ മരങ്ങൾ ഒഴുകിയെത്തി റഗുലേറ്ററിന്റെ പല ഭാഗങ്ങളിലായി ഇടിച്ച് നിന്നിരുന്നു.

പുഴ കരകവിഞ്ഞ് ഒഴുകിയപ്പോൾ ഒഴുകി വന്ന വൻമരങ്ങൾ റഗുലേറ്ററിന് മുകളിൽ കൂടി കടന്ന് പോയെങ്കിലും പുഴയിലെ വെള്ളം താഴ്ന്നതോടെ ഒഴുകിയെത്തിയ മരങ്ങൾ റഗുലേറ്ററിൽ ഇടിച്ചു നിന്നു. ഇടിയുടെ ആഘാതത്തിൽ റഗുലേറ്ററിന്റെ മുകളിൽ നിർമിച്ച കോൺക്രീറ്റ് നടപ്പാതയ്ക്ക് തകരാർ സംഭവിച്ചിരുന്നു. അതേ സമയം വട്ടോളി കുയ്യലാട്ടെ ഇരു കടലിൽ നിന്നും വലിയ വെളിച്ചം കെഎസ്‌ഐഡിസി വ്യാവസായിക കേന്ദ്രത്തിലേക്ക് വെള്ളം വെള്ളം പമ്പ് ചെയ്യുന്നത് നാട്ടുകാർ തടഞ്ഞിരുന്നു.

ഈ വിഷയത്തിലും പരിഹാരം കാണാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. 15 വർഷമായി ഇരു കടലിൽ നിന്ന് വെള്ളം പമ്പിങ് ചെയ്യുന്നുണ്ടെങ്കിലും പുഴയിൽ വെള്ളം തടഞ്ഞു നിർത്താനുള്ള സ്ഥിരം സംവിധാനം കെഎസ്ഐഡിസി ഒരുക്കിയില്ല. പുഴയിൽ വെള്ളം തടഞ്ഞു നിർത്താൻ സ്ഥിരം തടയണം ഒരുക്കണം എന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് വെള്ളം പമ്പ് ചെയ്യുന്നത് തടഞ്ഞത്.

കഴിഞ്ഞ വർഷങ്ങളിൽ വേനൽ കാലത്ത് പുഴയിലെ വെള്ളം താഴ്ന്നപ്പോൾ കരിങ്കൽ പൊടിയും മണലും നിറച്ച ചാക്കുകൾ കൊണ്ട് ഇരു കടലിലും കക്കുവപ്പാറയിലും അധികൃതർ താൽക്കാലിക തടയണ നിർമിച്ചിരുന്നു. എന്നാൽ കാലവർഷം തുടങ്ങുമ്പോൾ ഇവ മാറ്റാത്തതിനാൽ ചാക്കുകൾ നിറഞ്ഞ് പുഴ മലിനമാകുകയും പുഴയുടെ ഒഴുക്കിന് തടസ്സം ഉണ്ടാകുകയും ചെയ്തു. പുഴ മലിനമാകുന്നതിൽ പ്രതിഷേധിച്ച് തടയണ നിർമിക്കുന്നതും നാട്ടുകാർ തടഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close