കണ്ണൂർ

പുഴയിൽ മരത്തടികൾ: നീക്കം ചെയ്യാനോ ലേലം ചെയ്തു വിൽക്കാനോ നടപടിയില്ല; നശിക്കുന്നു

ചെറുപുഴ ∙ പുഴയിൽ വീണു കിടക്കുന്ന മരത്തടികൾ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ മഴക്കാലത്ത് ഉണ്ടായ കാറ്റിലും കരയിടിച്ചലിലും കടപുഴകി പുഴയിൽ വീണ മരത്തടികൾ നീക്കം ചെയ്യണമെന്ന ആവശ്യമാണു ശക്തമായത്. കഴിഞ്ഞ മഴക്കാലത്ത് തിരുമേനി പുഴയുടെ വിവിധ ഭാഗങ്ങളിൽ ഒട്ടേറെ മരങ്ങളാണു കടപുഴകി വീണത്. എന്നാൽ ഇവ യഥാസമയം നീക്കം ചെയ്യാനോ ലേലം ചെയ്തു വിൽക്കാനോ അധികൃതരുടെ ഭാഗത്തു നിന്നു നടപടിയുണ്ടായില്ല.

തിരുമേനി പുഴയുടെ തിരുമേനി, പ്രാപ്പൊയിൽ, മുളപ്ര, പെരുങ്കുടൽ ഭാഗങ്ങളിലായി ഒട്ടേറെ മരങ്ങളാണു പുഴയിൽ കിടന്നു നശിക്കുന്നത്. കാലവർഷം തുടങ്ങാൻ ഇനി ഏതാനും ആഴ്ചകൾ മാത്രമാണ് അവശേഷിക്കുന്നത്. പുഴയിൽ വീണു കിടക്കുന്ന മരത്തടികൾ ഇതിനു മുൻപു നീക്കം ചെയ്തില്ലെങ്കിൽ കൃഷിയിടങ്ങളിലും മറ്റും വെള്ളം കയറാനുള്ള സാധ്യതയുണ്ട്. മഴ കനക്കുന്നതോടെ മരത്തടികൾ ഒഴുകി വന്നു സമീപത്തെ തടയണകളിൽ തങ്ങി നാശം വരുത്താനും ഇടയുണ്ട്. മരങ്ങൾ കടപുഴകി വീഴുന്നതിനു പുറമെ രാസവസ്തുക്കൾ ഉപയോഗിച്ചും തീയിട്ടും ഒട്ടേറെ മരങ്ങൾ നശിപ്പിക്കുന്നുണ്ട്. ഇതുമൂലം പുഴയിലെ നീരൊഴുക്ക് വേനൽ തുടങ്ങുമ്പോൾ കുറയാൻ തുടങ്ങും.

വനം വകുപ്പിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്ന വീഴ്ചയാണു മരത്തടികൾ പുഴയിൽ കിടന്നു നശിക്കാൻ കാരണമെന്ന് ആരോപണമുണ്ട്. വീണു കിടക്കുന്ന മരത്തിന്റെ വില നിശ്ചയിക്കുന്നത് വനം വകുപ്പാണ്. എന്നാൽ, ഇവർ നിശ്ചയിക്കുന്ന വിലയ്ക്കു മരങ്ങൾ വാങ്ങാൻ ആരും മുന്നോട്ടു വരാറില്ല. ഇതോടെ തടി ലേലം മുടങ്ങുകയും മരത്തടി കിടന്നു നശിക്കുകയുമാണു ചെയ്യുന്നത്. മഴക്കാലം തുടങ്ങുന്നതിനു മുൻപു പുഴയിൽ വീണു കിടക്കുന്ന മരത്തടികൾ നീക്കം ചെയ്യാൻ നടപടി വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close