ഇരിട്ടി

ഇരിട്ടി താലൂക്ക് ആശുപത്രി ലാബും ഇനി ഹൈടെക്; ഫുള്ളി ഓട്ടമാറ്റിക് ബയോ കെമിസ്ട്രി അനലൈസർ സ്ഥാപിച്ചു

ഇരിട്ടി∙ താലൂക്ക് ആശുപത്രി ലാബും ഹൈടെക് ആകുന്നു. പൂർണമായും ഓട്ടമാറ്റിക് ആയി പ്രവർത്തിക്കുന്ന ബയോ കെമിസ്ട്രി അനലൈസർ സ്ഥാപിച്ചു. നഗരസഭ പദ്ധതിയിൽ 16 ലക്ഷം രൂപ വിനിയോഗിച്ചാണ് രക്ത പരിശോധന രംഗത്തെ നൂതന യന്ത്രം സ്ഥാപിച്ചിട്ടുള്ളത്. 20 മിനിറ്റിൽ ഒരേ സമയം 50 പേരുടെ രക്ത സാംപിളുകൾ പരിശോധിക്കാൻ സാധിക്കും. നിലവിലുള്ള ലാബ് ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി പുതിയ അനലൈസർ സ്ഥാപിച്ചത്. പ്രമേഹം, എൽഎഫ്ടി, ലിപ്പിഡ് പ്രൊഫൈൽ തുടങ്ങി എല്ലാവിധ രക്ത പരിശോധനകളും പുതിയ യന്ത്രത്തിൽ നടത്താനാകും.

താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികൾക്കു രക്തപരിശോധന ഫലത്തിനായി മണിക്കൂറുകൾ കാത്തു നിൽക്കേണ്ട അവസ്ഥ ഇതോടെ ഒഴിവാകും. പ്രതിദിനം 150 രക്ത പരിശോധനകളാണു ആശുപത്രി ലാബിൽ നടത്തുന്നത്. താലൂക്ക് ആശുപത്രിയിൽ പ്രതിദിനം 600 – 700 പേർ ഒപിയിലും 40 – 50 പേർ ഐപിയിലും ചികിത്സ തേടുന്നുണ്ട്. ആശുപത്രിയിൽ ചികിത്സ തേടുന്ന രോഗികൾക്കു വേഗത്തിൽ പരിശോധന ഫലം ലഭ്യമാക്കുകയാണു പ്രഥമ ലക്ഷ്യമെങ്കിലും അടുത്ത ഘട്ടത്തിൽ പുറമേ നിന്നുള്ളവർക്കും എച്ച്എംസി ലാബ് എന്ന നിലയിൽ പരിശോധന സൗകര്യം ലഭ്യമാക്കാൻ കഴിയുമോയെന്നു പരിശോധിക്കുകയാണെന്നു ബന്ധപ്പെട്ടവർ അറിയിച്ചു.

നഗരസഭ അധ്യക്ഷ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.പി.ഉസ്മാൻ അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി.പി.രവീന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷരായ കെ.സോയ, എ.കെ.രവീന്ദ്രൻ, കൗൺസിലർ നന്ദനൻ, പിആർഒ വി.യു.മിനിമോൾ, ബി.കെ.കാദർ, അജയൻ പായം, മുസ്തഫ അറഫ, സുരേന്ദ്രബാബു, സി.സൗമ്യ, എം.കെ.റഹിമ, ആർ.ദിവ്യ, നിമിഷ എന്നിവർ പങ്കെടുത്തു.

∙ ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, ഗൈനക്കോളജി, ഒഫ്താൽമോളജി, ദന്തചികിത്സ വിഭാഗങ്ങൾ

∙ രാവിലെ 8 മുതൽ 1 വരെ ഒപി, 1 മുതൽ പിറ്റേ ദിവസം രാവിലെ 8 വരെ കാഷ്വൽറ്റി

∙ ആരോഗ്യ ഇൻഷുറൻസ് സൗജന്യ ചികിത്സ, കുട്ടികൾക്കുള്ള സൗജന്യ ചികിത്സ

∙ ഡയാലിസിസ് സെന്റർ

∙ തിങ്കൾ മുതൽ ശനി വരെ ജീവിത ശൈലി രോഗ നിയന്ത്രണ ക്ലിനിക്

∙ ബുധനാഴ്ച തോറും കുട്ടികൾക്കുള്ള കൗൺസലിങ് സെന്ററായ അനുയാത്ര

∙ മാസത്തിലെ രണ്ടാം ചൊവ്വാഴ്ച സൈക്യാട്രി ക്ലിനിക്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close