കണ്ണൂർ
അനധികൃത ചെങ്കൽ ഖനനം: 7 ലോറികൾ പിടികൂടി
തളിപ്പറമ്പ്∙ അനധികൃത ചെങ്കൽ ഖനനത്തിനെതിരെ ആർഡിഒ, തഹസിൽദാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി ചെങ്കല്ലുകൾ കടത്തുകയായിരുന്ന 7 ലോറികൾ പിടികൂടി. ചുഴലി കൊളത്തൂർ മേഖലയിൽ 2 ദിവസമായി നടത്തിയ പരിശോധനയിലാണ് ലോറികൾ കസ്റ്റഡിയിൽ എടുത്തത്.
കഴിഞ്ഞ ദിവസം ആർഡിഒ ഇ.പി.മേഴ്സി, തഹസിൽദാർ സി.രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ചെങ്കല്ല് കടത്തുകയായിരുന്ന 4ലോറികൾ കസ്റ്റഡിയിൽ എടുത്തിരുന്നു.
ഇന്നലെ താലൂക്ക് ഓഫിസ് സൂപ്രണ്ട് എ.മാനസൻ, റവന്യു ഇൻസ്പെക്ടർ ഇ.ബിജു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 3 ലോറികൾ കൂടി കസ്റ്റഡിയിൽ എടുത്തത്. ലോറികൾ താലൂക്ക് ഓഫിസ് കോംപൗണ്ടിലേക്ക് മാറ്റി. അടുത്ത ദിവസങ്ങളിലും പരിശോധന തുടരുമെന്ന് റവന്യു അധികൃതർ അറിയിച്ചു.