കണ്ണൂർ
കരിവെള്ളൂരിലെ ഏക പൊതുമൈതാനത്തിന്റെ നടുവിലൂടെ ഇനി ദേശീയപാത
കരിവെള്ളൂർ ∙ ഒട്ടേറെ ദേശീയ താരങ്ങൾ പന്തുരുട്ടിയ കരിവെള്ളൂരിലെ ഏക പൊതു മൈതാനം ഓർമയായി. ദേശീയപാത വികസനത്തിനു വേണ്ടി കരിവെള്ളൂർ എവി സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂൾ മൈതാനമാണ് നഷ്ടമായിരിക്കുന്നത്. വികസനത്തിനു വേണ്ടി പഞ്ചായത്തിലെ ഏക പൊതു മൈതാനം വഴിമാറികൊടുത്തതോടെ കായിക പ്രേമികൾ നിരാശയിലായിരിക്കുകയാണ്.
വിവിധ ടൂർണമെന്റുകളിൽ ഒട്ടേറെ ദേശീയ താരങ്ങൾ മൈതാനത്ത് പന്തുരുട്ടി ഫുട്ബോൾ ആരാധകരുടെ മനസ്സിൽ ഇടംപിടിച്ചിരുന്നു. കായിക താരങ്ങളെ വളർത്തിയെടുക്കുന്നതിലും ഒരുപാട് യുവാക്കൾക്ക് സേനകളിൽ അവസരം ഒരുക്കിക്കൊടുത്തതിലും മൈതാനം നിർണായക പങ്കു വഹിച്ചു. രാവിലെയും വൈകുന്നേരങ്ങളിലും വ്യായാമത്തിനും കായിക വിനോദത്തിനുമായി ഒട്ടേറെയാളുകൾ സ്കൂൾ മൈതാനത്ത് എത്തിച്ചേർന്നിരുന്നു.
ജോലി കഴിഞ്ഞ് വൈകിട്ട് തിരിച്ചെത്തുമ്പോൾ പലരും സൗഹൃദങ്ങൾ പങ്കുവയ്ക്കുന്നതും കണ്ടുമുട്ടുന്നതുമൊക്കെ ഈ മൈതാനത്ത് നിന്നുമാണ്. കരിവെള്ളൂരിന്റെ ജനകീയ ഫുട്ബോൾ മത്സരമായ യങ് മെൻസ് സ്പോർട്സ് ക്ലബ് നടത്തുന്ന ടൂർണമെന്റ് അര നൂറ്റാണ്ടിലധികം അരങ്ങേറിയതും സ്കൂൾ മൈതാനിയിലായിരുന്നു. സ്കൂൾ സ്ഥലത്തിന്റെ മറ്റൊരു ഭാഗം ഉപയോഗപ്പെടുത്തി മൈതാനം നിലനിർത്താനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്നാണ് നാടിന്റെ കൂട്ടായ ആവശ്യം.