കേരളം

വാക്കേറ്റത്തെ തുടർന്ന് സുഹൃത്തിന്റെ അടിയേറ്റ് യുവാവ് മരിച്ചു

പത്തനംതിട്ട : ആറന്മുളയിൽ വാക്കേറ്റത്തെ തുടർന്നുണ്ടായ തമ്മിൽത്തല്ലിൽ സുഹൃത്തിന്റെ അടിയേറ്റ് യുവാവ് മരിച്ചു. പരുത്തുംപാറ സ്വദേശി സജി (46) ആണ് മരിച്ചത്. സംഭവത്തിൽ എരുമക്കാട് സ്വദേശി റോബിൻ എബ്രഹാമിനെ (26) പോലീസ് പിടികൂടി കേസെടുത്തു.

തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. സജിയും റോബിനും സുഹൃത്തുക്കളായിരുന്നു. എന്നാൽ പിന്നീട് ഇവർ പിണക്കത്തിലായി. കഴിഞ്ഞ ദിവസം സജിയും സുഹൃത്ത് സന്തോഷും കൂടി തെരുവുനായയെ ഓടിക്കാൻ കമ്പിവടിയുമായി പോകുമ്പോഴായിരുന്നു സംഭവമെന്ന് പ്രദേശവാസികൾ പറയുന്നു.

കമ്പിയുമായി എത്തിയ ഇവരോട്, ആളെ കൊല്ലാൻ ഇറങ്ങിയതാണോ എന്ന് റോബിൻ ചോദിച്ചതോടെ തുടങ്ങിയ വാക്കേറ്റം തമ്മൽത്തല്ലിലേക്ക് എത്തുകയായിരുന്നു. തല്ലിനിടെ സജിയുടെ കയ്യിൽ ഇരുന്ന കമ്പിവടി റോബിന്റെ കയ്യിലായി. ഇതുപയോഗിച്ച് റോബിൻ സജിയുടെ തലയിൽ അടിക്കുകയായിരുന്നു.

അടിയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സജിയെ ആദ്യം കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെ സജി മരണപ്പെട്ടു.

ഇരുവരേയും അടിപിടിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ച സന്തോഷിന്റെ കയ്യിന് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close