കണ്ണൂർ
ബസിൽ തളർന്ന് വീണ യാത്രക്കാരന് രക്ഷകരായി ജീവനക്കാർ
പയ്യന്നൂർ ∙ ബസിൽ തളർന്ന് വീണ യാത്രക്കാരന് ജീവനക്കാർ രക്ഷകരായി. ചെറുപുഴയിൽ നിന്ന് പയ്യന്നൂരിലേക്ക് വരികയായിരുന്ന അതുൽ ബസിൽ യാത്രക്കാരനായ അനീഷാണ് കോത്തായിമുക്ക് സ്റ്റോപ്പ് വിട്ടപ്പോൾ ദേഹാസ്വാസ്ഥ്യത മൂലം സീറ്റിൽ തളർന്ന് വീണത്. സീറ്റിലുണ്ടായിരുന്ന യാത്രക്കാരൻ കണ്ടക്ടർ അരവഞ്ചാലിലെ പി.ജെ.സാൻജോസിനോട് വിവരം പറഞ്ഞു. അപ്പോഴേക്കും ശരീരമാകെ വിയർത്ത് സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അനീഷ്. ബസിലെ സ്ഥിരം ഡ്രൈവറായിരുന്ന സാൻജോസ് കണ്ടക്ടർ അവധിയിലായതിനാൽ പുളിങ്ങോത്തെ മൻസൂറിനെയായിരുന്നു ഡ്രൈവറാക്കിയിരുന്നത്.
നിറയെ യാത്രക്കാരുണ്ടായിരുന്ന ബസ് നിർത്തിച്ച് മൻസൂറിനെ മാറ്റി സാൻജോസ് ബസ് ഡ്രൈവ് ചെയ്ത് എളുപ്പത്തിൽ സഹകരണ ആശുപത്രിയിൽ എത്തിച്ചു. നിറയെ യാത്രക്കാരുമായി ആശുപത്രിയിലേക്ക് ബസ് കയറി വരുന്നത് കണ്ട് ജീവനക്കാർ ആദ്യം അമ്പരന്നുവെങ്കിലും കാര്യം മനസ്സിലാക്കിയ ഉടൻ രോഗിയെ ഐസിയുവിൽ എത്തിച്ചു. കോലുള്ളിയിൽ നിന്നായിരുന്നു അനീഷ് ബസിൽ കയറിയിരുന്നത്. എളുപ്പത്തിൽ ആശുപത്രിയിൽ എത്തിച്ച സാൻജോസിനെയും മൻസൂറിനെയും ഡോക്ടർമാർ അഭിനന്ദിച്ചു.