കണ്ണൂർ
പെരിങ്ങോം ടൗണിൽ കാട്ടുപന്നിയുടെ വിളയാട്ടം; ഒട്ടേറെ ബേക്കറി ഉൽപന്നങ്ങൾ തട്ടിനശിപ്പിച്ചു
പെരിങ്ങോം ∙ജനങ്ങളെ മുൾമുനയിൽ നിർത്തി പെരിങ്ങോം ടൗണിൽ കാട്ടുപന്നിയുടെ വിളയാട്ടം. ഉച്ചയ്ക്ക് ഒന്നോടെയാണ് പൊന്നമ്പാറ സർവീസ് സഹകരണബാങ്കിന്റെ പിൻ വാതിൽ തകർത്ത് കാട്ടുപന്നി സമീപത്തെ ബേക്ക്– ഇൻ ഫ്രഷ് ബേക്കറിയിലേക്ക് ഓടിക്കയറിയത്. ബേക്കറിയിലുണ്ടായ ഉടമ ദിലീപും, ഭാര്യ ധന്യയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ഒട്ടേറെ ബേക്കറി ഉൽപന്നങ്ങൾ തട്ടിനശിപ്പിച്ച പന്നി ബേക്കറിയിലെ മറ്റൊരു മുറിയിൽ കയറുകയായിരുന്നു. പിറകെ ഓടിയെത്തിയ ചുമട്ടു തൊഴിലാളികളായ പി.പ്രശാന്തും, കലേഷും മുറിയുടെ വാതിൽ അടയ്ക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും പെരിങ്ങോം എഎസ്ഐ ഗിൽസ് കുമാറും,സിവിൽ പൊലീസ് ഓഫിസർ ഹരിദാസും കാട്ടുപന്നിയെ കയറിൽ കുരുക്കി കെട്ടുകയായിരുന്നു.
സംഭവമറിഞ്ഞ് പെരിങ്ങോം ഫയർഫോഴ്സും സ്ഥലത്തെത്തി. വനപാലകരെ വിവരം അറിയിച്ചതിനെ തുടർന്ന് തളിപ്പറമ്പിൽ നിന്നും എത്തിയ സംഘത്തിന് പന്നിയെ കൈമാറുകയായിരുന്നു. പെരിങ്ങോത്തും പരിസര പ്രദേശങ്ങളിലും കാട്ടുപന്നികളുടെ ശല്യം രൂക്ഷമായിട്ടും വനംവകുപ്പ് അധികൃതർ ഇടപെടാത്തതിൽ കർഷകർ രോഷാകുലരാണ്.