കണ്ണൂർ

മയ്യിൽ മാതൃക വീണ്ടും; ഡ്രോൺ വഴി ജൈവ ലായനി തളിച്ച് പരീക്ഷണം.

മയ്യിൽ : നെൽപ്പാടങ്ങളിൽ കാട്ടുപന്നികൾ കയറി നാശമുണ്ടാക്കുന്നതു തടയാൻ ഡ്രോൺ വഴി ജൈവലായനി തളിച്ച് പരീക്ഷണവുമായി മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനിയും കൃഷി വകുപ്പും. മയ്യിൽ പഞ്ചായത്തിലെ നെല്ലിക്കപ്പാലം പാടശേഖരത്തിലാണു മരുന്നു തളിച്ചത്. വിത്ത് ഗ്രാമം പദ്ധതിയുടെ ഭാഗമായി അത്യുൽപാദന ശേഷിയുള്ള ഉമ നെൽവിത്തുകൾ കൃഷിയിറക്കിയ പാടമാണ് ഇത്. 20 മിനിറ്റു കൊണ്ട് ഒരു ഏക്കറോളം സ്ഥലത്ത് പൂർണമായും ലായനി സ്പ്രേ ചെയ്യാൻ സാധിച്ചു.

ഒരിക്കൽ മരുന്ന് തളിച്ചാൽ 25–30 ദിവസമാണു ജൈവപ്രതിരോധം നിലനിൽക്കുക. അതിനു ശേഷം വീണ്ടും തളിക്കേണ്ടിവരും. ചെടികളുടെ സത്തും പുളിപ്പിച്ച പഴങ്ങളുടെ സത്തും പഞ്ചഗവ്യവും അടങ്ങുന്ന രാസവസ്തുക്കളൊന്നും അടങ്ങിയിട്ടില്ലാത്ത ലായനിയാണ് ഹെർബോലീവ് എന്ന് നിർമാതാക്കളായ മിവിപ്രോ പ്രൈവറ്റ് ലിമിറ്റഡിന്റെ ക്ലസ്റ്റർ ഡവലപ്മെന്റ് മാനേജർ സി.ജഗദീശൻ പറഞ്ഞു. ഡ്രോൺ ഉപയോഗിച്ച് സസ്യങ്ങളുടെ ഇലകളിൽ നേരിട്ടു മരുന്നു തളിക്കുമ്പോൾ കൂടുതൽ ഗുണം ലഭിക്കുമെന്നു‌ മയ്യിൽ കൃഷി ഓഫിസർ എസ്.പ്രമോദ് പറഞ്ഞു.

ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ്, മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.റിഷ്ന, പഞ്ചായത്ത് അംഗങ്ങളായ രവി മാണിക്കോത്ത്, എം.ഭരതൻ, കൃഷി ഡപ്യൂട്ടി ഡയറക്ടർ ജോസഫ് ജോഷി വർഗീസ്, ഇരിക്കൂർ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.കെ.ആദർശ്, മണ്ണ് പരിശോധന കേന്ദ്രം കണ്ണൂർ കൃഷി ഓഫിസർ ഇ.പ്രമോദ്, കൃഷി അസിസ്റ്റന്റ് പി.വി.മോഹനൻ, മയ്യിൽ റൈസ് പ്രൊഡ്യൂസേഴ്സ് കമ്പനി മാനേജിങ് ഡയറക്ടർ ടി.കെ.ബാലകൃഷ്ണൻ, ചെയർമാൻ കെ.കെ.രാമചന്ദ്രൻ എന്നിവരുടെയും സാന്നിധ്യത്തിലായിരുന്നു പരീക്ഷണം.

സ്വന്തമായി ഡ്രോൺ വാങ്ങാനൊരുങ്ങി മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനി;

കൃഷിക്ക് ഡ്രോൺ ഉപയോഗിക്കുന്നതു പ്രോത്സാഹിപ്പിക്കാൻ കേന്ദ്രസർക്കാർ പദ്ധതികൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ കർഷകർക്ക് ഡ്രോൺ ഉപയോഗിച്ചുള്ള വളപ്രയോഗം സംബന്ധിച്ച് മനസ്സിലാക്കാൻ അവസരമൊരുക്കുകയായിരുന്നു നെല്ലിക്കപ്പാലം പാടശേഖരത്തിലെ പരീക്ഷണത്തിന്റെ ലക്ഷ്യം. റൈസ് പ്രൊഡ്യൂസർ കമ്പനിക്ക് 7.5 ലക്ഷം രൂപ സബ്സിഡിയോടെ 10 ലക്ഷം രൂപ ചെലവു വരുന്ന ഡ്രോൺ വാങ്ങാൻ സർക്കാർ സഹായം ലഭ്യമാക്കുമെന്ന് കൃഷി ഡപ്യൂട്ടി ഡയറക്ടർ സി.വി.ജിദേഷ് പറഞ്ഞു.

സെൻസറുകൾ ഉപയോഗിച്ച് മോണിറ്റർ ചെയ്യുന്നതിനാൽ കൃഷിയിടത്തിൽ എല്ലാ സ്ഥലങ്ങളിലും സ്പ്രേ കൃത്യമായി എത്തുന്നു. 5 മുതൽ 8 ഏക്കർ വരെ പാടത്ത് ഒരു മണിക്കൂർ കൊണ്ട് വളപ്രയോഗം നടത്താൻ സാധിക്കും. പാടശേഖരങ്ങളിലും പച്ചക്കറി ക്ലസ്റ്ററുകളിലും ജൈവകീടനാശിനികളും ജൈവ വളർച്ചാ ത്വരകങ്ങളും എളുപ്പത്തിൽ തളിക്കാൻ സാധിക്കുമെന്നതിനാൽ കർഷകർക്ക് ഇതു വലിയ നേട്ടമാകുമെന്നും കൃഷി ഉദ്യോഗസ്ഥർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close