കണ്ണൂർ
വിള്ളൽ വീണ പൈപ്പ് മാറ്റാതെ കലുങ്കിന് മുകളിൽ ടാറിങ്
ചെറുപുഴ∙ വിള്ളൽ വീണ പൈപ്പ് മാറ്റാതെ കലുങ്കിനു മുകളിൽ മെക്കാഡം ടാറിങ് നടത്തുന്നതായി പരാതി. 12 കോടി രൂപ ചെലവഴിച്ചു നവീകരണം നടക്കുന്ന പ്രാപ്പൊയിൽ -എയ്യൻകല്ല്- മൂന്നാംകുന്ന്- രയറോം റോഡിലാണു തകർന്ന പൈപ്പിനു മുകളിലൂടെ ടാറിങ് നടത്തുന്നത്. പ്രദേശത്തെ വെള്ളച്ചാട്ടത്തിനു സമീപമാണ് ഒരു പൈപ്പ് കലുങ്ക് ഉള്ളത്. രണ്ടാമത്തെ കലുങ്ക് എയ്യൻകല്ല് കോളനിയുടെ തുടക്കത്തിലുമാണ്. 2 കലുങ്കുകളുടെയും ഉൾഭാഗം വിണ്ടുകീറിയ നിലയിലാണ്. കൂറ്റൻ സിമന്റ് പൈപ്പുകളാണു കലുങ്കുകളുടെ അടിഭാഗത്തു ഉപയോഗിച്ചിരിക്കുന്നത്.
10 വർഷം മുൻപ് റോഡ് നവീകരണം നടക്കുന്ന സമയത്തു സ്ഥാപിച്ചതാണു ഇരു കലുങ്കുകളും. ഇത് പുനർ നിർമിക്കാതെ മെക്കാഡം ടാറിങ് ചെയ്യുന്നതിനു മുന്നോടിയായി കലുങ്കുകളുടെ മുകളിൽ മണ്ണിട്ടു ഉറപ്പിക്കുകയാണു ചെയ്തത്. പൈപ്പ് കലുങ്ക് മാറ്റാതെ ടാർ ചെയ്താൽ റോഡ് ഇടിഞ്ഞു താഴുമെന്നാണു നാട്ടുകാർ പറയുന്നത്. കയറ്റമായാതിനാൽ മഴക്കാലത്ത് ശക്തമായ ഒഴുക്കുണ്ടാകുന്ന പ്രദേശം കൂടിയാണ്.
ഏഴര കിലോമീറ്റർ ദൂരം വരുന്ന റോഡ് മലയോരപാതയിലാണു എത്തിച്ചേരുന്നത്. എയ്യൻകല്ല്, കുണ്ടേരി തുടങ്ങിയ കോളനികളിലൂടെയാണു റോഡ് കടന്നു പോകുന്നത്. തിരുമേനി, കോക്കടവ്, പ്രാപ്പൊയിൽ, പെരുന്തടം, ചൂരപ്പടവ്, പാറോത്തുംനീർ ഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് രയറോം, ആലക്കോട്, കരുവൻചാൽ, തളിപ്പറമ്പ് ഭാഗങ്ങളിൽ ഏളുപ്പത്തിൽ എത്തിപ്പെടാൻ സാധിക്കും. എന്നാൽ പഴയ കലുങ്ക് പൊളിച്ചുമാറ്റി പുതിയ കലുങ്ക് നിർമിക്കാൻ അടങ്കലിൽ പണം വകയിരുത്തിയിട്ടില്ലെന്നാണു കരാറുകാരൻ പറയുന്നത്.