ഇരിട്ടി
ഇരിക്കൂർ താലൂക്ക് ആശുപത്രിയോടുള്ള അവഗണന തുടർക്കഥയാവുന്നു
ഇരിക്കൂർ : മലയോര മേഖലയിലെ പ്രധാന കിടത്തി ചികിത്സാ കേന്ദ്രമായ ഇരിക്കൂർ താലൂക്ക് ആശുപത്രിയോടുള്ള സർക്കാറിന്റെ അവഗണന തുടർക്കഥയാവുന്നു. ദിനംപ്രതി ആയിരത്തോളം രോഗികൾ ചികിത്സ തേടിയെത്തുന്ന ഇരിക്കൂർ ഗവ: ആശുപത്രിയുടെ സമഗ്രവികസനം അട്ടിമറിച്ച് മറ്റ് പ്രദേശങ്ങളിലേക്ക് താലൂക്ക് ആശുപത്രി മാറ്റി സ്ഥാപിക്കുവാനുള്ള നീക്കമാണ് ഇരിക്കൂറിനോടുള്ള അവഗണനയ്ക്ക് പിന്നിലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കഴിഞ്ഞ യുഡിഎഫ് സർക്കാറിന്റെ കാലത്താണ് സാമൂഹികാരോഗ്യ കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന ഇരിക്കൂർ ആശുപത്രിയെ കാഷ്വാലിറ്റിയോട് കൂടിയ താലൂക്ക് ആശുപതിയായി ഉയർത്തുകയും ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തത്.
അധിക തസ്തികയിൽ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരായി നാല് സ്പെഷലിസ്റ്റ് ഡോക്ടർമാരെ നിയമിക്കുകയും ചെയ്തു. ഇരിക്കൂറിന് പുറമേ മട്ടന്നൂർ ,ശ്രീകണ്ഠപുരം, ഇരിട്ടി എന്നിവിടങ്ങളിൽ നിന്നും പടിയൂർ, കൂടാളി, മലപ്പട്ടം, പയ്യാവൂർ, ഉളിക്കൽ, ഏരുവശ്ശി, ചെങ്ങളായി എന്നീ പഞ്ചായത്തുകളിൽ നിന്നുമായി ദിനംപ്രതി എത്തുന്ന നൂറുക്കണക്കിന് രോഗികൾക്കുള്ള അടിസ്ഥാന സൗകര്യമേർപ്പെടുത്തിയത് ഇരിക്കൂറിലെ പ്രവാസ സംഘടനകളാണ്.
കെ.സി ജോസഫ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഏകദേശം ഒന്നര കോടി രൂപയോളം ചെലവഴിച്ച് താലൂക്ക് ആസ്പത്രിയുടെ വികസനം ലക്ഷ്യമിട്ട് നിർമ്മിച്ച കെട്ടിടങ്ങൾ സർക്കാറിന്റെ അവഗണനയെ തുടർന്ന് ഉപയോഗിക്കപ്പെടാതെ കിടക്കുകയാണ്.
സ്ത്രീ രോഗവിഭാഗം, അത്യാഹിത വിഭാഗം, കുട്ടികളുടെ വിഭാഗം, സർജറി തുടങ്ങി ആശുപത്രിയുടെ അടിസ്ഥാന വികസനത്തിന് വേണ്ടി ഇടത് ഭരണം വന്നതിന് ശേഷം യാതൊരു വിധ നടപടിയുമുണ്ടായിട്ടില്ല. ഇരിക്കൂർ മേഖലയിൽ നിന്ന് അത്യാഹിതമെന്തെങ്കിലും ഉണ്ടായാൽ അടിയന്തിര ചികിത്സയ്ക്കും വിദഗ്ദ്ധ ചികിത്സയ്ക്കും 30 ഉം 40 ഉം കിലോമീറ്റർ മരണപ്പാച്ചിൽ തന്നെ നടത്തണം.
താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ നിരന്തരമായ ശ്രമങ്ങളുടെ ഫലമായി നമ്പാർഡിൽ നിന്ന് 11:30 കോടി രൂപ അനുവദിച്ചിരുന്നു. പ്രവർത്തികൾ പെട്ടെന്ന് തുടങ്ങുന്നതിന് വേണ്ടി പ്രൈവറ്റ് കൺസ്ട്രക്ഷൻ കമ്പനിയെകൊണ്ട് വിശദമായ ഡിസൈനും എസ്റ്റിമേറ്റും തയ്യാറാക്കിയെങ്കിലും അത് സ്വീകരിക്കുവാൻ സർക്കാർ തയ്യാറായിരുന്നില്ല.
പി.ഡബ്ല്യൂ.ഡി എഞ്ചിനിയർ വിഭാഗം തന്നെ ഡിസൈനും എസ്റ്റിമേറ്റും തയ്യാറാക്കണമെന്ന സർക്കാറിന്റെ നിർദ്ദേശത്തിൽ ഏഴുമാസം പിന്നിട്ടിട്ടും സോയിൽ ടെസ്റ്റ് മാത്രമേ ഇതുവരെ നടന്നിട്ടുള്ളൂ.അത്വാധുനിക സൗകര്യങ്ങളുള്ള മൂന്ന് നിലകളിലായി 55,000 ചരുരശ്ര അടിയിൽ കെട്ടിട സമുച്ചയം,ബേസ്മെന്റ് വാഹന പാർക്കിംഗ്, കാന്റീൻ, വൈദ്യുതി റൂം, താഴെ നിലയിൽ സ്വീകരണം, പരിശോധനാ മുറികൾ, കാത്തിരിപ്പു കേന്ദ്രം, ഫാർമസി, എക്സറേ, ലബോറട്ടറി, അൾട്രാസൗണ്ട് സ്കാനിങ്ങ്,
അത്യാഹിത വിഭാഗം,ഒന്നാം നിലയിൽ സ്ത്രീ പുരുഷ, കുട്ടികളുടെ വാർഡുകളും ഡയാലിസ് കേന്ദ്രം, ഡോക്ടർമാരുടെ മുറികൾ,രണ്ടാം നിലയിൽ രോഗികൾക്കുള്ള മുറികൾ, ജനറൽ വാർഡ്, ലേബർ വാർഡ്, ഡ്യൂട്ടി റൂം, മൂന്നാം നിലയിൽ ഓപ്പറേഷൻ തിയേറ്റർ, പ്രസവ തിയേറ്റർ, തീവ്രപരിചരണ വിഭാഗം,ഇന്റൻസീവ് കെയർ യൂണിറ്റ് എന്നിവയടങ്ങുന്ന ബൃഹത്തായ പദ്ധതിക്കാണ് നബാർഡ് ഫണ്ട് അനുവദിച്ചത്.
എന്നാൽ ഇപ്പോൾ ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റി ഇരിക്കുകയാണ്. പേരിനുണ്ടായിരുന്ന സൗകര്യങ്ങൾ പോലും ഇപ്പോൾ നിഷേധിക്കപ്പെട്ടിരിക്കുന്നു. താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി കേഡറിൽ 4 അസി സർജൻമാർ 4 , ഒരു ഗൈനഗോളജിസ്റ്റ്, ഒരു പീഡിയാർടീഷ്യൻ എന്നിങ്ങനെ 10 ജീവനക്കാർ വേണ്ടിടത്ത് നിലവിൽ 2 അസി സർജൻമരും കാഷ്വാലിറ്റിയിലെ 2 ഡോക്ടർമാരിൽ ഒരാൾക്ക് സ്ഥലമാറ്റ ഓർഡർ ലഭിച്ചിരിക്കുകയുമാണ്.
ഗൈനക്കോളജി ഡോക്ടർ അനാരോഗ്യത്തെ തുടർന്ന് ദീർഘകാല അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. പീഡിയാട്രീഷ്യൻ സ്ഥലം മാറി പോവുകയും ചെയ്തതിനാൽ ആശുപത്രിയിൽ വരുന്ന നൂറ് കണക്കിന് രോഗികൾ ദുരിതത്തിലായിരിക്കുകയാണ്.
ഉച്ച കഴിഞ്ഞും ഒപി സേവനം ഉള്ളതിനാൽ ഫലത്തിൽ രാവിലെ രണ്ട് ഡോക്ടർമാരുടെയും അവധി ദിവസങ്ങളിൽ ഒരു ഡോക്ടറുടെയും സേവനം മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. ഇരിക്കൂർ താലൂക്ക് ആശുപത്രിയുടെ സമ്പൂർണ്ണ വികസനം യാഥാർഥ്ത്യമാക്കണമെന്നാവശ്യപ്പെട്ട് ഇരിക്കൂർ എംഎൽഎ അഡ്വ: സജീവ് ജോസഫ് ആരോഗ്യ മന്ത്രി വീണാ ജോർജ്ജിന് നിവേദനം നൽകുകയും ചെയ്തിരുന്നു.
സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു നടപടികളും എടുക്കാത്തത് നാട്ടുകാരിൽ നിന്നും ശക്തമായ പ്രതിഷേധമുയർന്നു കഴിഞ്ഞു. ഇരിക്കൂർ: ഇരിക്കൂർ താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന വികസനങ്ങളോട് പുറംതിരിഞ്ഞു നിൽക്കുന്ന സർക്കാർ നിലപാടിനെതിരെ പ്രത്യക്ഷ സമരവുമായി മുസ്ലിം ലീഗ്. നിരവധി തവണ മുസ്ലിം ലീഗ്, യുഡിഎഫ് നേതൃത്വവും പഞ്ചായത്ത് ഭരണ സമിതിയും വകുപ്പ് മന്ത്രിയടക്കമുള്ളവരെ നേരിൽക്കണ്ട് നിവേദനം നൽകിയിട്ടും ആശുപത്രിയോടുള്ള കടുത്ത അവഗണന തുടരുകയാണ്.
ഈ സാഹചര്യത്തിലാണ് മുസ്ലിം ലീഗ് സ്റ്റിയറിങ്ങ് കമ്മിറ്റിയുടെയും പഞ്ചായത്ത് അംഗങ്ങളുടെയും തിങ്കളാഴ്ച ചേർന്ന യോഗമാണ് പ്രക്ഷോഭ പരിപാടികൾ തീരുമാനിച്ചത്.
പ്രസിഡന്റ് സി.കെ മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി.കെ ഷംസുദ്ദീൻ, കെ.മുഹമ്മദ് അഷറഫ് ഹാജി, എൻ.വി ഹാഷിം, കെ.പി അസീസ് മാസ്റ്റർ, കെ.കെ കുഞ്ഞി മായൻ മാസ്റ്റർ, കെ.കെ സത്താർ ഹാജി, കെ.പി മൊയ്തീൻകുഞ്ഞി മാസ്റ്റർ, കെ.പി അബ്ദുല്ല, യു.പി അബ്ദുറഹ്മാൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.സി നസിയത്ത് ടീച്ചർ,
സ്ഥിരം സമിതി അധ്യക്ഷൻമാരായ ടി.പി ഫാത്തിമ, എൻ.കെ.കെ മുഫീദ, ബ്ലോക്ക് മെംബർ സി.വി.എൻ യാസറ, അംഗങ്ങളായ എം.പി അഷറഫ്, എൻ.കെ സുലൈഖ ടീച്ചർ എന്നിവർ സംബന്ധിച്ചു.